
ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിനെതിരെ തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. സോഴ്സ് ഇല്ലാത്ത ഓഡിയോ ക്ലിപ്പ് ഒരിക്കലും വിശ്വസിക്കരുത്. ഇക്കാലത്ത് വ്യാജമായി 26 സെക്കന്‍റുള്ള ഒരു ഓഡിയോ ക്ലിപ്പ് നിർമ്മിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് ആരും വിശ്വസിക്കില്ലെന്ന് മന്ത്രി പറയുന്നു. ട്വിറ്ററിലൂടെയാണ് പളനിവേൽ ത്യാഗരാജൻ തനിക്കെതിരെ ബിജെപി നേതാവ് ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്.
16 ദശലക്ഷം പേർ കണ്ട ഒരു ഗാനത്തിന്‍റെ വീഡിയോയെക്കുറിച്ചുള്ള വാർത്ത ഷെയറു ചെയ്താണ് മന്ത്രിയുടെ പ്രതികരണം. ഒർജിനൽ ഗാനമെന്ന് കരുതിയ ഈ ഗാനം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചതാണ്. ഈ വാർത്തയുടെ സ്ക്രീൻഷോട്ട് സഹിതമാണ് മന്ത്രിയുടെ ട്വീറ്റ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ധനമന്ത്രിയെയും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമാണ്കെ അണ്ണാമലൈ വീണ്ടും ഓഡിയോ പുറത്ത് വിട്ടത്. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റേത് എന്നാരോപിച്ച് ഒരു ശബ്ദരേഖ കൂടി അണ്ണാമലൈ പുറത്തുവിട്ടിരുന്നു.
എം കെ സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്ന ശബ്ദരേഖയാണിതെന്നാണ് അണ്ണാമലൈ അവകാശപ്പെടുന്നത്. അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് തനിക്ക് ഇഷ്ടപ്പെട്ട കാര്യം അതാണെന്നും ശബ്ദരേഖയിലുണ്ട്. ഒരു മാധ്യമപ്രവർത്തകനുമായി പളനിവേൽ ത്യാഗരാജൻ സംസാരിച്ചതാണ് ഇതെന്ന് അണ്ണാമലൈ ആരോപിക്കുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് മന്ത്രിയുടെ പ്രതിരോധം.
Read More : തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് പരിശോധന മൂന്നാം ദിവസവും തുടരുന്നു; എം.കെ.മോഹന്‍റെ വീട്ടിലും റെയ്ഡ്