
ചെന്നൈ: പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാർട്ടിയുടെ നേതാവും എംഎൽഎയുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമർശനമുന്നയിച്ചു. നിങ്ങൾ എന്തിനാണ് പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നത്? ഒരു എംഎൽഎ മാതൃകയാകണമെന്നും കോടതി പറഞ്ഞു. പാർട്ടി കേഡർമാരുടെ അകമ്പടിയോടെയല്ലാതെ ജഗൻ മൂർത്തി ഹാജരാകണമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ നേതാക്കൾ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ നിന്ന് എംഎൽഎയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അനുയായികൾ നിയമപാലകരെ തടഞ്ഞുവെന്ന പൊലീസ് വാദം കോടതി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഇപ്പോഴും പരിഗണനയിലാണെങ്കിലും അന്വേഷണവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് കോടതി സൂചിപ്പിച്ചു.
22 വയസ്സുള്ള ഒരു യുവാവും ഒരു യുവതിയും തമ്മിലുള്ള വിവാഹത്തെ ചുറ്റിപ്പറ്റിയാണ് കേസ്. പിതാവ് വനരാജ വിവാഹത്തെ എതിർത്തിരുന്നു. വിവാഹം മുടക്കാൻ തീരുമാനിച്ച വനരാജ, സർവീസിൽ നിന്ന് പിരിച്ചുവിട്ട മുൻ പൊലീസ് കോൺസ്റ്റബിളായ മഹേശ്വരിയെ സമീപിച്ചതായി ആരോപിക്കപ്പെടുന്നു. മഹേശ്വരി എഡിജിപി ജയറാമിനെ സമീപിച്ചതായും അദ്ദേഹം എംഎൽഎ ജഗൻ മൂർത്തിയുടെ സഹായം തേടിയതായും റിപ്പോർട്ടുണ്ട്.
വരനെ കണ്ടെത്താനാകാതെ വന്നതോടെ എംഎൽഎയുടെ ആളുകൾ 16 വയസ്സുള്ള ഇളയ സഹോദരനെ തട്ടിക്കൊണ്ടുപോയി എന്നാണ് ആരോപണം. ആൺകുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ വിട്ടയച്ചു. എഡിജിപി ജയറാമിന്റെ കാറിൽ കുട്ടിയെ വിട്ടയച്ചതായി പൊലീസ് പറയുന്നു. വാഹനം ഓടിച്ചിരുന്നത് സർവീസിലുള്ള ഒരു കോൺസ്റ്റബിളായിരുന്നുവെന്നും അതിൽ മഹേശ്വരിയും വനരാജയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ചിഹ്നത്തിലാണ് ജഗമൂർത്തി വിജയിച്ചത്.