
കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്തയിലെത്തിയ വിമാനത്തിന്റെ മുംബൈയിലേക്കുള്ള തുടർ യാത്ര പ്രശ്നങ്ങളെ തുടർന്ന് വൈകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സാൻഫ്രാൻസിസ്കോയിൽ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലർച്ചെ 12.45നാണ് കൊൽക്കത്ത വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാർ കണ്ടെത്തി.
ഏതാനും മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ 5.20ഓടെ എല്ലാ യാത്രക്കാരോടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ക്യാപ്റ്റൻ യാത്രക്കാരെ അറിയിക്കുകയും ചെയ്തു. ജീവനക്കാർ വിമാനം പരിശോധിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ സംശയിച്ച് തിരിച്ചിറക്കിയിരുന്നു.