തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു; ഫോട്ടോ സോഷ്യൽമീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

Published : Apr 28, 2023, 05:20 AM IST
തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു; ഫോട്ടോ സോഷ്യൽമീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി

Synopsis

പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്നവകാശപ്പെട്ട് വിനോദ് ബാബു എന്ന ഭിന്നശേഷിക്കാരനാണ് മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും ചെന്നുകണ്ടത്. 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും ക്ലീൻ ബൗൾഡാക്കി ഒരു തട്ടിപ്പുകാരൻ. പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്നവകാശപ്പെട്ട് വിനോദ് ബാബു എന്ന ഭിന്നശേഷിക്കാരനാണ് മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും ചെന്നുകണ്ടത്. വ്യാജ ട്രോഫിയുമായി എത്തിയ തട്ടിപ്പുകാരനെ ഇരുവരും ഹാർദ്ദമായി അഭിനനന്ദിച്ചു. ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

രാമനാഥപുരം സ്വദേശിയായവിനോദ് ബാബു ഭിന്നശേഷിക്കാരനാണ്. ഈയിടെ കുറേ ദിവസമായി നാട്ടിലില്ലായിരുന്നു. ഒരു ട്രോഫിയൊക്കെയായാണ് വീണ്ടും നാട്ടിൽ പ്രത്യക്ഷപ്പെട്ടത്. പാകിസ്ഥാനിൽ നടന്ന ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റ് കളിക്കാൻ പോയി, ജയിച്ചു, ടീമിനെ നയിച്ചത് താനായിരുന്നു എന്ന് നാട്ടുകാരോട് പൊങ്ങച്ചം പറഞ്ഞു. നാട്ടുകാർ പൗരസ്വീകരണം ഒക്കെ കൊടുത്തു. വഴിവക്കിലെല്ലാം അഭിനന്ദന ഫ്ലക്സുവച്ചു. വിവരമറിഞ്ഞ പിന്നാക വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനും അഭിനന്ദിക്കാനെത്തി. 

അവിടംകൊണ്ടും കാര്യങ്ങൾ തീർന്നില്ല. പരിമിതികളോട് മല്ലടിച്ച് ഇന്ത്യക്കുവേണ്ടി കപ്പുയർത്തിയ കളിക്കാരനെ മന്ത്രി മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചു. മുഖ്യമന്ത്രിയുടെ വക അഭിനനന്ദനം, പൊന്നാട. കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനും വിനോദ് ബാബുവിനെ അഭിനന്ദിച്ചു. എല്ലാത്തിനും നന്ദി പറഞ്ഞ് കക്ഷി മടങ്ങി. കൂമ്പാരമായ അഭിനന്ദനവാർത്തകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയതോടെയാണ് തട്ടിപ്പുകാരന്‍റെ ചെമ്പുതെളിഞ്ഞത്.

കള്ളത്തരം പുറത്തായതോടെ രാമനാഥപുരം പൊലീസ് വിനോദിനെതിരെ ഐപിസി 406,420 വകുപ്പുകൾ പ്രകാരം വഞ്ചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു. പാസ്പോർട്ട് പോലുമില്ലാത്ത ഇയാളിതുവരെ ഇന്ത്യ വിട്ടെങ്ങും പോയിട്ടില്ലെന്നും വെളിപ്പെട്ടു. മാത്രമല്ല, ഇതേ കള്ളത്തരം പറഞ്ഞ് ധാരാളം പേരിൽ നിന്നും പണവും തട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും ഒപ്പമുള്ള ചിത്രങ്ങൾ കാട്ടി പണത്തട്ടിപ്പിനായിരുന്നു അടുത്ത പദ്ധതി. ഇന്ത്യൻ കായികതാരം എന്നവകാശപ്പെട്ട് ഒരു തട്ടിപ്പുകാരൻ മുഖ്യമന്ത്രിയെ വരെ വന്നുകണ്ട് അഭിനന്ദനവും വാങ്ങി മടങ്ങിയതിന്‍റെ നാണക്കേടിലാണ് തമിഴ്നാട് പൊലീസിന്‍റെ ഇന്‍റലിജൻസ് വകുപ്പ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വരുംദിവസങ്ങളിൽ നടപടി ഉണ്ടായേക്കും.

Read Also: കാസർകോട്ടെ പ്രവാസിയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി, സത്യാവസ്ഥ തേടി മഹല്ല് കമ്മിറ്റിയും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി