'വ്യാപിച്ചത് വിദേശയാത്ര നടത്തിയ സമ്പന്നര്‍ വഴി'; കൊവിഡിന്‍റെ പിറവി തമിഴ്നാട്ടിലല്ലെന്ന് പളനിസ്വാമി

By Web TeamFirst Published Apr 17, 2020, 8:58 AM IST
Highlights

 സമ്പന്നരോട് സംസാരിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഭയമാണ്. പക്ഷേ, പാവപ്പെട്ടവരോട് സ്വതന്ത്രമായി സംസാരിക്കാം. ഈ വൈറസിന്‍റെ പിറവി തമിഴ്നാട്ടിലല്ലെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു.

ചെന്നൈ: വിദേശയാത്ര നടത്തിയ സമ്പന്നര്‍ വഴിയാണ് തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം ഉണ്ടായതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. പാവപ്പെട്ടവരിലൂടെയല്ല കൊവിഡ് വ്യാപിച്ചത്. രാജ്യത്ത് കൊവിഡ് 19 ഏറ്റവും വൈകി സ്ഥിരീകരിക്കുകയും അതിവേഗം വ്യാപിക്കുകയും ചെയ്ത സംസ്ഥാനമാണ് തമിഴ്നാടെന്നും പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ പളനിസ്വാമി പറഞ്ഞു.

വെറും മൂന്നാഴ്ച കൊണ്ട് 90 ശതമാനം ജില്ലകളിലും കൊവിഡ് വ്യാപിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് പോയി വന്ന സമ്പന്നരില്‍ നിന്നാണ് കൊവിഡ് വ്യാപിച്ചത്. ഈ വൈറസിന്‍റെ വരവ് വിദേശ രാജ്യത്ത് നിന്നല്ലേയെന്ന് പളനിസ്വാമി ചോദിച്ചു. സമ്പന്നരോട് സംസാരിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ഭയമാണ്.

പക്ഷേ, പാവപ്പെട്ടവരോട് സ്വതന്ത്രമായി സംസാരിക്കാം. ഈ വൈറസിന്‍റെ പിറവി തമിഴ്നാട്ടിലല്ലെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ ഡിഎംകെ അതിരൂക്ഷ പ്രതികരണവുമായാണ് രംഗത്ത് വന്നത്. ഇക്കാലത്ത് സമ്പന്നര്‍ മാത്രമാണ് വിദേശയാത്ര നടത്തുന്നതെന്ന ധാരണ തെറ്റാണെന്ന് ഡിഎംകെ നേതാവ് മനു സുന്ദരം പറഞ്ഞു.

സര്‍ക്കാരിന്‍റെ മുന്‍ഗണനകള്‍ എന്തെല്ലാമാണെന്ന് തെറ്റായ ധാരണ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ ഒരുപാടുണ്ട്. ഇപ്പോള്‍ കൊവിഡിനെതിരെ കൂടുതല്‍ പരിശോധന, പിന്തുടര്‍ന്ന് കണ്ടെത്തല്‍ നിയന്ത്രണങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത്. അല്ലാതെ പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള തരംതിരിവിനും തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ക്കുമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തമിഴ്നാട്ടിൽ ആശ്വാസത്തിന്‍റെ ദിനങ്ങളാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണ്. തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതർ പൂർണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു.

click me!