
ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് 'ടൗവ്വൽ സംസ്കാരം' വിജയ് അവസാനിപ്പിച്ചതായി സൂചന. സാമൂഹ്യപ്രവർത്തകയുടെ ആഹ്വാനം ഏറ്റെടുത്താണ് അധികാരത്തിൻ്റെ അടിയാളമായി കണക്കാക്കുന്ന പരമ്പരാഗത രീതി മുഖ്യമന്ത്രി വിജയ് അവസാനിപ്പിച്ചതെന്നാണ് കരുതുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ചിത്രങ്ങളിൽ വിജയ് ഇരിക്കുന്ന കസേരയിൽ വെള്ളത്തുണി ഉണ്ടായിരുന്നെങ്കിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളിൽ കസേരയിലെ വെള്ളത്തുണി അപ്രത്യക്ഷമായിട്ടുണ്ട്.
കാലാവസ്ഥ ആക്ടിവിസ്റ്റായ ലിസിപ്രിയ കംഗുജം ആണ് വിഐപി കസേരകളിലെ 'ടൗവ്വൽ സംസ്കാരം' അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരുന്നത്. മുഖ്യമന്ത്രിമാർ വിഐപികളാണെന്ന് ജനങ്ങൾക്ക് ഇതിനകം തന്നെ അറിയാമെന്നും ഈ രീതി അവസാനിപ്പിച്ചു കൂടെ എന്നുമായിരുന്നു ലിസിപ്രിയ കംഗുജം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വിജയ്‍യോട് അഭ്യർഥിച്ചിരുന്നത്.
ലിസിപ്രിയയുടെ പോസ്റ്റ് ഇങ്ങനെ; "ഹലോ വിജയ് സാർ, ഇന്ത്യയിലെ വിഐപി കസേരകളിൽ തുണി വിരിക്കുന്ന ഈ രീതി (ടൗവ്വൽ സംസ്കാരം) നമുക്ക് അവസാനിപ്പിച്ചു കൂടെ? മുഖ്യമന്ത്രിമാർ വിഐപികളാണെന്ന് ജനങ്ങൾക്ക് ഇതിനകം തന്നെ അറിയാം. മന്ത്രിമാരും ഉദ്യോഗസ്ഥരും മുതൽ ചെറിയ ഓഫീസർമാർ വരെ ഈ രീതി പിന്തുടരുന്നുണ്ട്. നിങ്ങൾ വലിയൊരു പ്രചോദനമാണ് സാർ. ഈ മാറ്റത്തിന് നിങ്ങൾക്ക് തുടക്കം കുറിക്കാനാകും".
മെയ് 14നായിരുന്നു ലിസിപ്രിയ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൻ്റെ ചിത്രവും ലിസിപ്രിയ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ വിജയ് ഇരിക്കുന്ന കസേരയിൽ വെള്ളത്തുണി വിരിച്ചിരുന്നതായി കാണാം. എന്നാൽ പിറ്റേദിവസം, മെയ് 15ന് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ചിത്രങ്ങളിൽ വിജയ് ഇരിക്കുന്ന കസേരയിൽനിന്ന് വെള്ളത്തുണി അപ്രത്യക്ഷമായി. ഇതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച ലിസിപ്രിയ, സാധാരണക്കാരുടെ ശബ്ദം താങ്കൾ കേൾക്കുന്നുവെന്ന് പറഞ്ഞു.
"സന്തോഷം, വിജയ് സാർ. സാധാരണക്കാരുടെ ശബ്ദം താങ്കൾ കേൾക്കുന്നു എന്നതിന് ഈ നടപടി ഒരു തെളിവാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്"- അവർ കുറിച്ചു. അതേസമയം ലിസിപ്രിയയുടെ പോസ്റ്റിനോട് വിജയ്‍യോ തമിഴ്നാട് സർക്കാരോ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ചിത്രങ്ങളിൽ ഈ ഒരു മാറ്റം വ്യക്തമാണ്.
ബ്രിട്ടീഷ് കാലഘട്ടത്തിലാണ് കസേരകളിൽ വെള്ളത്തുണി വിരിക്കുന്ന രീതി തുടങ്ങിയത്. ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയിൽ ജോലി ചെയ്യുമ്പോൾ വിയർപ്പ് തുടയ്ക്കാനും ഫർണീച്ചർ സംരക്ഷിക്കാനുമായിരുന്നു ഈ രീതി സ്വീകരിച്ചത്. എന്നാൽ ഓഫീസുകളിൽ ശീതികരണികൾ എത്തിയിട്ടും ഈ രീതി പിന്തുടർന്നു. ശുചിത്വത്തിന്റെയും ഔദ്യോഗിക ഗാംഭീര്യത്തിൻ്റെയും പ്രതീകമായ വെള്ളത്തുണി ഉപയോഗിച്ചുള്ള രീതി കാലകക്രമേണ വിഐപി കസേരകളിൽ ഇരിക്കുന്നവരുടെ അധികാരത്തിൻ്റെ അടയാളമായും പരിണമിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam