തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 18000 കടന്നു; ചികിത്സ കിട്ടാതെ റെയിൽവേ ഉദ്യോ​ഗസ്ഥ മരിച്ചു; ആകെ മരണം 133

By Web TeamFirst Published May 27, 2020, 7:27 PM IST
Highlights

ചെന്നൈയിൽ മാത്രം 12203 പേർക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. ഇവിടെ ഇന്ന് മാത്രം 558 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 18545 ആയി. 24 മണിക്കൂറിനിടെ 817 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇന്ന് ആറ് പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 133 ആയി.

ചെന്നൈയിൽ മാത്രം 12203 പേർക്ക് കൊവിഡ് ബാധിച്ചതായാണ് കണക്ക്. ഇവിടെ ഇന്ന് മാത്രം 558 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാല് പേരാണ് ഇതുവരെ രോ​ഗം ബാധിച്ച് ചെന്നൈയിൽ മരിച്ചത്.

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ തമിഴ്നാട്ടില്‍ ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയാണ്. കിടക്കകള്‍ കിട്ടാതായതോടെ ആശുപത്രിയുടെ പുറത്ത് കൊവിഡ് രോഗികളുടെ നീണ്ട നിരയാണ് കാണാനാവുക. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയിൽ  വാര്‍ഡുകള്‍ നിറഞ്ഞതോടെ കൊവിഡ് ബാധിതരെ കിടത്തിയിരിക്കുന്നത് പുറത്തെ മരച്ചുവട്ടിലാണ്. കടുത്ത ലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികളെ നിര്‍ബന്ധിച്ച് വീടുകളിലേക്ക് തിരിച്ചയക്കുന്നുണ്ട്. 200 രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രികളിൽ ഇപ്പോള്‍ രോ​ഗികളുടെ എണ്ണം 350ന് മുകളിലാണ്. താല്‍ക്കാലിക ഐസലോഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച വ്യാപാര കേന്ദ്രങ്ങളിലും സ്കൂളുകളിലും സ്ഥലമില്ലാത്ത അവസ്ഥയാണ്.

അതിനിടെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച ദക്ഷിണ റെയില്‍വേയിലെ ഉദ്യോഗസ്ഥ മരിച്ചു. ചെന്നൈ സ്വദേശിയായ 55കാരി  പ്രിയ ശ്രീധരന്‍ ആണ് കൃത്യമായ ചികിത്സ കിട്ടാതെ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച്  വെള്ളിയാഴ്ച ചെന്നൈ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ എത്തിയ പ്രിയയെ ഡോക്ടര്‍മാര്‍ തിരിച്ചയച്ചു. ഗുരുതര ലക്ഷണമില്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ശ്വാസതടസ്സം രൂക്ഷമായി. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ശനിയാഴ്ച പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കളും റെയില്‍വേ ജീവനക്കാരും രംഗത്തെത്തി.


 

click me!