
ചെന്നൈ: ചെന്നൈയിൽ കഴിഞ്ഞ ദിവസം എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നും രണ്ട് പേർക്ക് മാത്രമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അറിയിച്ച തമിഴ്നാട് സർക്കാർ ശരീരത്തിലെ ജലാംശം ക്രമീകരിക്കുകയും വിശ്രമവും ഉൾപ്പെടെ രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയിലൂടെ തന്നെ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെട്ടതായും വിശദീകരിക്കുന്നുണ്ട്. പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.
തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി സുപ്രിയ സാഹുവാണ് തിങ്കളാഴ്ച രാത്രി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. തമിഴ്നാട്ടിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇൻഫ്ലുവൻസ സമാനമായ രോഗങ്ങളുടെയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും കാര്യത്തിൽ സർക്കാർ നിരന്തര നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. തമിഴ്നാട്ടിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വീഡിയോ കോൺഫറൻസിലും സ്ഥിതി അവലോകനം ചെയ്തു.
നിലവിൽ ഇന്ത്യയിൽ ആറ് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളുരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആറും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam