
ലക്നൗ: ഡിജിപിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന് വർഷങ്ങളോടും കൊണ്ടുനടന്ന യുവാവ് പിടിയിലായി. 76,000 ഫോളോവർമാർ ഉണ്ടായിരുന്ന അക്കൗണ്ടിൽ സ്ഥിരമായി പോസ്റ്റുകൾ ഇടുന്നുണ്ടായിരുന്നു. വിശ്വാസ്യതയ്ക്ക് വേണ്ടി വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള നീല ടിക്കും ഇയാൾ ഉണ്ടാക്കിയ അക്കൗണ്ടിനുണ്ടായിരുന്നു. ഒടുവിൽ അടുത്തിടെ കാണിച്ച ചെറിയൊരു പരിപാടിയിൽ കുടുങ്ങുകയായിരുന്നു.
ഉത്തർപ്രദേശ് ഡിജിപിയായ പ്രശാന്ത് കുമാറിന്റെ പേരിലാണ് സഹറാൻപൂർ സ്വദേശിയായ 43കാരൻ അമിത് കുമാർ ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയത്. 2022ൽ ആയിരുന്നു അക്കൗണ്ട് തുടങ്ങിയത്. ഡിജിപി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളൊക്കെ അവിടെ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത് ആളുകളുടെ വിശ്വാസ്യത നേടി. ക്രമേണ പ്രൊഫൈലിലെ ഫോളോവർമാരുടെ എണ്ണം കൂടി. ഇതിന് പുറമെയാണ് അക്കൗണ്ട് വെരിഫിക്കേഷന് ലഭിക്കുന്ന ബ്ലൂ ടിക്കും സംഘടിപ്പിച്ചത്. പിന്നീട് ഡിജിപിയുടെ പേരിൽ യുട്യൂബ് അക്കൗണ്ടും തുടങ്ങി.
സബ്‍സ്ക്രൈബർമാരുടെ എണ്ണം കൂടിയപ്പോൾ അടുത്തിടെയുണ്ടായ ഒരു അപകടത്തെക്കുറിച്ചുള്ള വീഡിയോ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും അതിൽ പരിക്കേറ്റവർക്ക് സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സഹായം സ്വീകരിക്കാനായി വീഡിയോക്ക് ഒപ്പം നൽകിയ ക്യു.ആർ കോഡ് സ്വന്തം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതായിരുന്നു. പലരും ഡിജിപിയുടെ അഭ്യർത്ഥനയാണെന്ന് കരുതി പണം അയക്കുകയും ചെയ്തു. ഈ പണപ്പിരിവിനെ കുറിച്ചുള്ള വിവരം ലഭിച്ചതോടെയാണ് പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതും പിന്നാലെ പിടികൂടിയതും. ഇയാളുടെ ഐഫോൺ ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam