ജാതിയുടെ പേരില്‍ സൗജന്യ അന്നദാനം നിഷേധിച്ച യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി

Published : Oct 31, 2021, 12:20 PM IST
ജാതിയുടെ പേരില്‍  സൗജന്യ അന്നദാനം നിഷേധിച്ച യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി

Synopsis

സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ തനിക്കും തന്‍റെ വിഭാഗത്തിലുമുള്ളവര്‍ക്കുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ വീഡിയോ വൈറലാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പമിരുന്ന് അന്നദാനത്തില്‍ പങ്കെടുത്തത്. 

ക്ഷേത്രങ്ങള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന അന്നദാനം(Annadhanam) ജാതിയുടെ(Caste) പേരില്‍ നിഷേധിച്ച യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്നാട് (Tamilnadu)ദേവസ്വം മന്ത്രി (Minister P K Sekarbabu). തമിഴ്നാട് മാമല്ലപുരത്ത് നരിക്കുറുവ(Narikurava) വിഭാഗമായതിനാലാണ് അശ്വിനി(Ashwini) എന്ന യുവതിക്ക് അന്നദാനം നിഷേധിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാന്‍ പോലും യുവതിയെ അനുവദിച്ചില്ല. ഭക്ഷണം ബാക്കിയുള്ള ക്ഷേത്രത്തിന് വെളിയിലേക്ക് നല്‍കുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്തലശയന പെരുമാള്‍ ക്ഷേത്രത്തിലാണ്(Sthalasayanaperumal temple) അശ്വിനിയ്ക്ക് ദുരനുഭവം നേരിട്ടത്.

സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ തനിക്കും തന്‍റെ വിഭാഗത്തിലുമുള്ളവര്‍ക്കുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ വീഡിയോ വൈറലാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പമിരുന്ന് അന്നദാനത്തില്‍ പങ്കെടുത്തത്. വെള്ളിയാഴ്ചയാണ് മന്ത്രി അശ്വിനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്. അശ്വിനി സന്തോഷവതിയാണെന്നും മുഖ്യമന്ത്രിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിടിപ്പിച്ചുവെന്നും തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു വ്യക്തമാക്കി. ക്ഷേത്രത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാര്‍ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു.

ആരുടേയും സ്വകാര്യമായ ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിക്കാനല്ല എത്തിയതെന്നും എന്തുകൊണ്ടാണ് തനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നതെന്നുമുള്ള അശ്വിനിയുടെ ചോദ്യം സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. സ്ത്രീകള്‍ അടക്കമുള്ള എല്ലാ ജാതിക്കാര്‍ക്കും പൂജാരികളാവാം എന്ന ഡിഎംകെ സര്‍ക്കാരിന്‍റെ തീരുമാനത്തിന് നേരത്തെ മികച്ച പ്രതികരണമായിരുന്നു. എന്നാല്‍ ഇത്തരം നടപടികളുടെ ശോഭ കെടുത്തുന്ന സംഭവമായിരുന്നു നരിക്കുറുവ വിഭാഗത്തിലുള്ള യുവതിക്ക് അന്നദാനം നിഷേധിച്ചത്. സംസ്ഥാന സർക്കാർ പാവപ്പെട്ടവർക്കുള്ള ക്ഷേത്രങ്ങൾ വഴി നൽകുന്ന സൗജന്യ അന്നദാനം പദ്ധതിയിൽ നിന്നാണ് അശ്വിനിയെ പുറത്താക്കിയത്.

സ്ത്രീകളെ പൂജാരിമാരായി നിയമിക്കും; നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

തമിഴ്നാട് സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 754 ക്ഷേത്രങ്ങളിലൂടെയാണ് സൗജന്യ അന്നദാനം നടക്കുന്നത്. അശ്വിനിയുടെ വീഡിയോ വൈറലായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടത്. സംഭവത്തില്‍ ദേവസ്വം വകുപ്പില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. കിടക്കകളും വളകളും വിറ്റാണ് അശ്വിനിയുടെ ഉപജീവനം നടക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടന്ന അന്നദാനത്തില്‍ അശ്വിനിക്കും ഒപ്പമുള്ളവര്‍ക്കും പ്രവേശനം നല്‍കിയതായി ദേവസ്വം കമ്മീഷണര്‍ പി ജയരാമന്‍ മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന പെരുമാള്‍ ക്ഷേത്ര സന്ദര്‍ശനത്തിലാണ് അശ്വിനിക്കൊപ്പം മന്ത്രി ഭക്ഷണം കഴിച്ചത്. അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് സാരിയും മുണ്ടും അടക്കമുള്ളവ നല്‍കിയാണ് മന്ത്രി മടങ്ങിയത്. ക്ഷേത്രങ്ങള്‍ വഴിയുള്ള സൗജന്യ അന്നദാനത്തിനായി 63 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം
വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട