കെഞ്ചിപ്പറഞ്ഞിട്ടും അനുസരിച്ചില്ല, ലോക്ക് ഡൌണ്‍ നിര്‍ദേശം മറികടന്ന് ആളുകള്‍; പൊട്ടിക്കരഞ്ഞ് പൊലീസുകാരന്‍

By Web TeamFirst Published Mar 25, 2020, 5:01 PM IST
Highlights

ദയവായി വീട്ടിലിരിക്കൂ, വെളിയില്‍ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി ആവശ്യപ്പെടുകയാണ് എന്ന് ആദ്യം പൊലീസുകാരന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ മാനിക്കാതെ നിരവധിപ്പേര്‍ പൊലീസുകാരനെ മറികടന്ന് പോകുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

ചെന്നൈ : ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് വാഹനവുമായി റോഡിലേക്കിറങ്ങിയ ആളുകളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നതിനിടെ പൊട്ടിക്കരഞ്ഞ് പൊലീസുകാരന്‍. തമിഴ്നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബൈക്കിലെത്തിയ യാത്രികരോട് സമാധാനപരമായി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് കേള്‍ക്കാതെ വന്നതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.

തമിഴ് വാര്‍ത്താ മാധ്യമമായ പോളിമര്‍ ന്യൂസാണ് റോഡില്‍ കൈകള്‍ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടുട്ടുള്ളത്. ദയവായി വീട്ടിലിരിക്കൂ, വെളിയില്‍ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ് എന്ന് ആദ്യം പൊലീസുകാരന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ മാനിക്കാതെ നിരവധിപ്പേര്‍ പൊലീസുകാരനെ മറികടന്ന് പോകുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

 

നാട്ടിന് വേണ്ടി വീട്ടുകാര്‍ക്ക് വേണ്ടി ദയവ് ചെയ്ത് നിങ്ങള്‍ തിരികെ പോകണമെന്ന് പൊലീസുകാരന്‍ നിരവധിപ്പേരോട് ആവശ്യപ്പെടുന്നു. അറിഞ്ഞോ അതിയാതെയോ നിങ്ങള്‍ തെറ്റ് ചെയ്യുകയാണ് എന്ന് ചൂണ്ടിക്കാണിച്ചിട്ടും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേള്‍ക്കാതെ പോയതോടെയാണ് പൊലീസുകാരന് നിയന്ത്രണം നഷ്ടമായി പൊട്ടിക്കരയുന്നത്. 

തമിഴ്‌നാട്ടിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ഇന്തോനേഷ്യൻ സ്വദേശികൾക്കും ചെന്നൈ സ്വദേശിയായ ഒരു ട്രാവൽ ഗൈഡിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സേലം മെഡിക്കൽ കോളേജിലാണ് ഇവർ ഉള്ളത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 23 ആയി. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നസാഹചര്യത്തിൽ ചെന്നൈയിൽ കനത്ത ജാഗ്രത തുടരുകയാണ്.

click me!