'രാജ്യം ലോക്ക് ഡൗണ്‍ ചെയ്തതോടെ ദിവസവേതനക്കാര്‍ ദുരിതത്തില്‍'; പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

By Web TeamFirst Published Mar 25, 2020, 4:28 PM IST
Highlights

പാവപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് യാതൊരു സഹായവും പ്രധാനമന്ത്രി രണ്ടാമത് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും പ്രഖ്യാപിച്ചില്ല. പ്രസംഗം നിരാശപ്പെടുത്തി...
 

ദില്ലി: 21 ദിവസത്തേക്ക് ഇന്ത്യ ലോക്ക് ഡൗണ്‍ ചെയ്തതോടെ രാജ്യത്തെ ദിവസവേതനക്കാര്‍ ദുരിതത്തിലായെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത് സംബന്ധിച്ച് യെച്ചൂരി കത്തെഴുതി. 45 കോടിയിലേറെ ഇന്ത്യക്കാര്‍ ദിവസവേതനക്കാരാണ്. കൊവിഡ് ഭീതിയില്‍ രാജ്യം 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ചെയ്തതോടെ ദുരിതത്തിലായവര്‍ക്ക് യാതൊരു വിത സുരക്ഷയും രാജ്യം ഉറപ്പുനല്‍കുന്നില്ലെന്നും യെച്ചൂരി കത്തില്‍ ആരോപിക്കുന്നു. 

പാവപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് യാതൊരു സഹായവും പ്രധാനമന്ത്രി രണ്ടാമത് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും പ്രഖ്യാപിച്ചില്ല. പ്രസംഗം നിരാശപ്പെടുത്തി. ലോക്ക് ഡൗണ്‍ ഏറ്റവുമധികം ബാധിക്കുന്നവര്‍ക്കായി കേന്ദ്രം ഒന്നും ചെയ്യുന്നില്ല. താമസിക്കാന്‍ സ്ഥലമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെടുകയാണ് അവര്‍ എന്നും യെച്ചൂരി കുറിച്ചു. 

എങ്ങനെയാണ് അവര്‍ സുരക്ഷിതമായ സ്ഥലത്ത് എത്തുക ? ഭക്ഷണമോ പണമോ ഇല്ലാതെ പോലീസിന്റെ ക്രൂരതകള്‍ സഹിച്ച് എങ്ങനെയാണ് അവര്‍ അതിജീവിക്കുക ? നിത്യജീവിതത്തിലെ അത്യാവശ്യത്തിനായി അവര്‍ക്ക് പണമില്ല, പണത്തിന് വേണ്ടിയാണ് അവര്‍ നാടുനീളെ യാത്ര ചെയ്യുന്നത്. ഇപ്പോള്‍ അവര്‍ക്ക് യാത്ര ചെയ്യാനാവില്ല. പിന്നെ എങ്ങനെയാണ് അവര്‍ ജീവിക്കുക എന്നും യെച്ചൂരി ചോദിച്ചു. 

ഈ മോശം സമയത്ത് ഓരോ ഇന്ത്യക്കാരനും അവരുടെ പങ്ക് നല്‍കണം. ഈ സമയത്ത് സാമ്പത്തിക സഹായങ്ങളും വൈദ്യ സഹായങ്ങളും പ്രഖ്യാപിക്കണം. വളരെ വൈകുന്നതിന് മുമ്പ് ഈ ദുരന്തത്തെ അതിജീവിക്കാന്‍ ഇതുകൂടി വേണമെന്നും യെച്ചൂരി കത്തില്‍ വ്യക്തമാക്കി. 

click me!