ബിജെപിയുടെ ജനപ്രീതി ചുരുങ്ങുന്നു, 2021ൽ കോൺഗ്രസ് അധികാരത്തിലെത്തും: തരുൺ ഗോഗോയ്

By Web TeamFirst Published Nov 28, 2019, 10:04 AM IST
Highlights

മഹാരാഷ്ട്രാ വിഷയത്തിൽ സുപ്രീംകോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത തരുൺ ഗോഗോയ്  “മോദി സർക്കാരിന്റെ അധികാര ദുർവിനിയോഗം തടയുന്നതിനുള്ള ഉത്തരവാണിത്“ എന്ന് പറഞ്ഞു.

ദില്ലി: ബിജെപിയുടെ ജനപ്രീതി കുറഞ്ഞുവെന്ന് അസം മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ തരുൺ ഗോഗോയ്. മഹാരാഷ്ട്രയിലെ ഭരണതകർച്ച ബിജെപിയുടെ അന്ത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ൽ കോൺ​ഗ്രസ് അധികാരത്തിലേറുമെന്നും ഗോഗോയ് കൂട്ടിച്ചേർത്തു.

'സ്വന്തം തെറ്റുകൾ കാരണമാണ് ബിജെപിക്ക് മോശം ദിവസങ്ങൾ ആരംഭിച്ചത്. അവരുടെ പ്രശസ്തി നഷ്ടപ്പെട്ടു. അടുത്തിടെ ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന തെരഞ്ഞെടുപ്പ് ബിജെപിയുടെ നല്ല ദിനങ്ങൾ  ദുർലഭമായിക്കൊണ്ടിരിക്കുകയാണെന്നാണ് കാണിക്കുന്നത്. അവർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സാധിക്കാത്തതാണ് അതിന് കാരണം. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ആളുകൾ ഇപ്പോൾ മനസ്സിലാക്കുകയാണ്'-തരുൺ ഗോഗോയ് പറഞ്ഞു. 

നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ജനങ്ങൾ ഒരു അവസരം കൂടി നൽകി. എന്നാൽ പ്രധാനമന്ത്രിയും അമിത് ഷായും അവരെ വഞ്ചിക്കുകയാണെന്നും തരുൺ ഗോഗോയ് കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ക്ഷേമത്തിൽ ബിജെപിക്ക് പ്രതിബദ്ധതയില്ലെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. അധികാരത്തിൽ തുടരാൻ ബിജെപി വളരെയധികം ആഗ്രഹിക്കുന്നു, അത് മഹാരാഷ്ട്രയിൽ പ്രകടമായിരുന്നുവെന്നും തരുൺ ഗോഗോയ് പറഞ്ഞു. 

മഹാരാഷ്ട്ര വിഷയത്തിൽ സുപ്രീംകോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത തരുൺ ഗോഗോയ്  “മോദി സർക്കാരിന്റെ അധികാര ദുർവിനിയോഗം തടയുന്നതിനുള്ള ഉത്തരവാണിത്“ എന്ന് പറഞ്ഞു.

'മോദിയും അമിത് ഷായും രാജ്യത്തിന്റെ ജനാധിപത്യമൂല്യത്തെ നശിപ്പിക്കാൻ തുടങ്ങിയെന്ന് എല്ലാവർക്കും അറിയാം. ജനാധിപത്യം മാത്രമല്ല, ബഹുസ്വരത, മതേതരത്വം, സാധാരണക്കാരുടെ പ്രശ്നങ്ങൾ, തൊഴിലില്ലാത്ത യുവാക്കളുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ഗ്രാമീണരുടെ പ്രശ്നങ്ങൾ, കാർഷകരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം അവർ അവഗണിച്ചു. ഭരണഘടന ദിനത്തിൽ സുപ്രീംകോടതി ശരിയായ നടപടിയാണ് സ്വീകരിച്ചത്'-തരുൺ ഗോഗോയ് പറഞ്ഞു.
 

click me!