
ബംഗലൂരു : ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. ഇതിൽ അഴിമതിയുണ്ടെന്നും മുൻ മുഖ്യമന്ത്രിയായ നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗം കണ്ടെത്തൽ.
സംസ്ഥാന മന്ത്രിസഭയെ തെറ്റിധരിപ്പിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കരാറുകളിൽ കൃത്രിമം കാണിക്കൽ, പൊതുപണം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് നായിഡുവിനെതിരെ ചുമത്തിയിട്ടുള്ളത്. ജിഎസ്ടി, ഇന്റലിജൻസ്, ഐടി, ഇഡി, സെബി തുടങ്ങിയ സർക്കാർ ഏജൻസികളെല്ലാം അഴിമതിയെക്കുറിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. 2014 ൽ ചന്ദ്രബാബു നായ്ഡു അധികാരത്തിലേറിയതിന് രണ്ട് മാസത്തിന് ശേഷമാണ് ഈ അഴിമതി വിവരം പുറത്ത് വന്നത്. 3,356 കോടിയുടെ പദ്ധതിക്ക് 10 ശതമാനമായിരുന്നു സർക്കാർ വിഹിതം. സീമൻസ് കമ്പനി 90 ശതമാനം വിഹിതവും നൽകമെന്നായിരുന്നു കരാർ.
നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ പാർട്ടി പരിപാടികൾക്ക് എത്തിയതിനിടയ്ക്കാണ് നാരാ ലോകേഷിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നായിഡുവിനെ അറസ്റ്റ് ചെയ്ത നന്ത്യാലിലേക്ക് പോകാൻ ശ്രമിക്കവേയാണ് നാരാ ലോകേഷിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.
താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും ശരിയായ വിവരങ്ങളോ തെളിവുകളോ ഇല്ലാതെ സിഐഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നായിഡു ആരോപിച്ചു. എഫ്‌ഐആറിൽ എന്റെ പേര് ചേർക്കുന്നതിന് കാരണമായ തെളിവുകൾ കാണിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചുവെന്നും ചന്ദ്രബാബു നായിഡു പൊലീസ് കസ്റ്റഡിയിൽ പോകും വഴി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam