Latest Videos

ആന്ധ്രപ്രദേശിലെ ആഭിചാരക്കൊല; മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

By Web TeamFirst Published Jan 26, 2021, 5:52 PM IST
Highlights

ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്. 

ചിറ്റൂര്‍: ആന്ധ്രപ്രദേശിൽ ആഭിചാരത്തിന്‍റെ ഭാഗമായി രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്ന മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകകുറ്റമാണ് ഇരുവർക്കും ചുമത്തിയത്. അമ്മ പദ്മജ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും മാനസിക നിലയും പരിശോധിക്കും. ഞായറാഴ്ചയാണ് പെണ്മക്കൾ രണ്ടുപേരെയും താന്ത്രിക പൂജയുടെ ഭാഗമായി ദമ്പതികൾ തലക്കടിച്ചു കൊന്നത്.

ആന്ധ്രയിലെ മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്. അധ്യാപക ദമ്പതികളുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ഡം ബെല്‍ പോലുള്ള മൂര്‍ച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

ആഭിചാരക്രിയയുടെ ഭാഗമായി ആയിരുന്നു കൊലപാതകം. കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോള്‍ മക്കൾ പുനർജനിക്കുമെന്നാണ് ദമ്പതികൾ പൊലീസിനോട് പറയുന്നത്. കെമിസ്ട്രി അസിസ്റ്റന്‍റ് പ്രൊഫസറാണ് ഡോ വി പുരുഷോത്തം നായിഡു അതേസമയം ഗണിതശാസ്ത്ര അധ്യാപികയാണ് വി പദ്മജ. ഇവരുടെ മൂത്ത മകളായി 27കാരി ആലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകളായ 21കാരിയായ സായ് ദിവ്യ ബിബിഎ പൂര്‍ത്തിയാക്കി മുംബൈയിലെ എ ആര്‍ രഹ്മാന്‍ സംഗീത സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ലോക്ക് ഡൗണ്‍ കാലത്താണ് സായ് ദിവ്യ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

കൊവിഡ് വ്യാപിച്ചതിന് പിന്നാലെ ഈ വീട്ടുകാര്‍ വളരെ വിചിത്രമായാണ് പെരുമാറിയെതെന്നാണ് പൊലീസ് അയല്‍ക്കാരില്‍ നിന്ന് അറിഞ്ഞത്. ഇവരുടെ വീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതിനേത്തുടര്‍ന്നാണ് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. തുടക്കത്തില്‍ പൊലീസുകാരെ ദമ്പതികള്‍ വീടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. ബലം പ്രയോഗിച്ച് പൊലീസ് അകത്ത് കടന്നപ്പോഴാണ് പൂജാ മുറിയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കലിയുഗം അവസാനിക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. വളരെയധികം ബുദ്ധിമുട്ടിയാണ് ഇവരുടെ മൃതശരീരം വീടിന് വെളിയിലെത്തിക്കാന്‍ പൊലീസിന് സാധിച്ചത്. കൊലപാതകത്തില്‍ പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസ് എടുത്ത് പ്രദേശത്തെ മന്ത്രവാദിയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 

click me!