
ലഖ്നൌ: ഉത്തർപ്രദേശിലെ അലിഗഡിൽ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഉറങ്ങുന്ന ടീച്ചർക്ക് കുട്ടികൾ വീശിക്കൊടുക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.
ഡിംപിൾ ബൻസാൽ എന്ന അധ്യാപിക തറയിൽ ഒരു പായയിൽ കിടന്നുറങ്ങുന്ന വീഡിയോ ആണ് പുറത്തുവന്നത്. മൂന്ന് കൊച്ചു കുട്ടികൾ ടീച്ചർക്ക് വീശി കൊടുക്കുന്നതും ദൃശ്യത്തിലുണ്ട്. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. വിദ്യാഭ്യാസം നൽകാനാണ് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതെന്നും കുട്ടികളെക്കൊണ്ട് അധ്യാപകർ ഇങ്ങനെ ചെയ്യിക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയർന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അധ്യാപികയെ സസ്പെൻഡ് ചെയ്തെന്ന് ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്തു. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് ബേസിക് എജ്യുക്കേഷൻ ഓഫീസർ രാകേഷ് കുമാർ സിംഗ് പറഞ്ഞു.
ഇതേ അധ്യാപിക വിദ്യാർത്ഥികളെ തല്ലുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിൽ ക്ലാസ്സിൽ ഉറങ്ങിയതും കുട്ടികളെ തല്ലിയതും ഒരേ അധ്യാപികയാണെന്ന് വ്യക്തമായി. എന്നാൽ കുട്ടികളെ അടിക്കുന്ന ദൃശ്യം നേരത്തെ നടന്നതാണ്. ഇരു സംഭവങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam