Latest Videos

യോ​ഗി ആദിത്യനാഥിന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; 15 കാരന് ​ശിക്ഷ ഗോശാല വൃത്തിയാക്കൽ

By Web TeamFirst Published May 24, 2022, 8:42 PM IST
Highlights

15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും ശിക്ഷ വിധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. 10,000 രൂപ പിഴയടക്കാനും ബോർഡ് ഉത്തരവിട്ടു.

ലക്നൗ: യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽമീഡിയിയൽ പ്രചരിപ്പിച്ച  15 വയസ്സുകാരന് ശിക്ഷയായി 15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും  വിധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. 10,000 രൂപ പിഴയടക്കാനും ബോർഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രസിഡന്റ് അഞ്ജൽ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാർ ഗുപ്ത എന്നിവരാണ് കേസ് പരി​ഗണിച്ച് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നൽകിയതെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അറിയിച്ചു.

കുട്ടി സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ സന്ദേശത്തോടുകൂടിയ മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവെച്ചു. സഹസ്വാൻ പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ കുട്ടിക്കെതിരെ ഐപിസി സെക്ഷൻ 505  ഐടി ആക്ട് സെക്ഷൻ 67 പ്രകാരം  എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടിയെ പിന്നീട് ജുവനൈൽ ഹോമിലേക്ക് അയച്ചു- അഡ്വക്കേറ്റ് അതുൽ സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

click me!