
ലുധിയാന: ഉറങ്ങിക്കിടന്ന അമ്മയെ മകൻ അടിച്ചുകൊന്നു. അമ്പതുകാരിയായ അമ്മയെയാണ് പതിനഞ്ചുകാരനായ മകൻ തടിക്കഷണവും പാത്രവും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയത്. മദ്യം വാങ്ങാൻ അമ്മ പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
പഞ്ചാബിലെ ലുധിയാനയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പ്രതിയുടെ പിതാവ് മുഴുവൻ സംഭവത്തിനും സാക്ഷ്യം വഹിച്ചിരുന്നുവെങ്കിലും പ്രതികരിക്കാൻ കഴിയാത്തത്ര രീതിയിൽ മദ്യപിച്ചിരുന്നുവെന്ന് എസിപി ചൗധരി പറഞ്ഞു. അയൽക്കാരുമായി മദ്യപിച്ചതിന് ശേഷമാണ് സംഭവ ദിവസം പ്രതി വീട്ടിലെത്തിയത്.
ഉറങ്ങാൻ പോകുന്നതിനിടയിൽ വിണ്ടും മദ്യപിക്കാൻ പ്രതി അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ് അമ്മ ഉറങ്ങാൻ പോയി. ഇതിൽ കുപിതനായ പ്രതി അമ്മയെ പാത്രവും തടിക്കഷണവും ഉപയോഗിച്ച് ക്രൂരമായി അടിച്ച് കൊല്ലുകയായിരുന്നു. ഗുരുതരമായി മർദ്ദനമേറ്റ യുവതി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.
കൃത്യം നടത്തിയ ശേഷം പ്രതി തന്റെ കൂട്ടുകാരുമൊത്ത് വീണ്ടും മദ്യപിക്കാൻ പോയി. പിന്നാലെ ബോധം വന്ന പിതാവ് മരിച്ചുകിടക്കുന്ന ഭാര്യയെ ആണ് കണ്ടത്. ഇയാളുടെ ബഹളം കേട്ടെത്തിയ അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഭർത്താവിനെയാണ് തങ്ങൾ ആദ്യം സംശയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഉറങ്ങികിടന്നപ്പോഴാണ് യുവതി മരിച്ചതെന്നായിരുന്നു അച്ഛനും മകനും ആദ്യം പൊലീസിൽ മൊഴി നൽകിയത്. എന്നാൽ ഭാര്യയെ മകന്‍ കൊന്നു എന്ന കാര്യം താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സൂപ്പര്‍വൈസറോട് ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ ജുവനൈല്‍ കോടതി മുന്‍പാകെ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam