ക്ലാസില്‍ മുറിയിലെ 'താലികെട്ട്, സിന്ദൂരമണിയല്‍'; പെണ്‍കുട്ടിയെ വീട്ടുകാര്‍ പുറത്താക്കി

By Web TeamFirst Published Dec 6, 2020, 10:30 AM IST
Highlights

ആണ്‍കുട്ടിയുടെ വീട്ടുകാരുമായും വനിതാ കമ്മീഷന്‍ സംസാരിച്ചു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചു.
 

അമരാവതി: ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വെച്ച് താലികെട്ടി, സിന്ദൂരമണിഞ്ഞ വിദ്യാര്‍ത്ഥികളുടെ 'വിവാഹ'ത്തെ തുടര്‍ന്ന് 17കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല. തുടര്‍ന്ന് വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ഷെല്‍ട്ടര്‍ ഹോമില്‍ അഭയം നല്‍കി. ഇരുവരെയും കോളേജ് പുറത്താക്കിയിരുന്നു. ആണ്‍കുട്ടിയുടെ വീട്ടുകാരുമായും വനിതാ കമ്മീഷന്‍ സംസാരിച്ചു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചു. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവരത്തെ ജൂനിയര്‍ കോളേജിലാണ് ഇന്റര്‍മീഡിയറ്റ്(പ്ലസ് ടു) വിദ്യാര്‍ത്ഥികള്‍ 'വിവാഹി'തരായത്. താലി ചാര്‍ത്തി, സിന്ദൂരമണിഞ്ഞ് വധൂവരന്മാരെപ്പോലെ ഫോട്ടോക്ക് പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വലിയ വിവാദമായി. 


ഇവരുടെ 'വിവാഹ'ത്തിന് നിയമസാധുതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശൈശവിവാഹത്തിന്റെ പരിഗണനയില്‍ വരും. ശൈശവിവാഹ നിരോധന നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും 17 വയസ്സ് മാത്രമാണ് പ്രായം. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്നും ആന്ധ്രപ്രദേശ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വസിറെഡ്ഡി പദ്മ അറിയിച്ചു. ഇവരുടെ സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഈ കുട്ടിയാണ് സുഹൃത്തുക്കള്‍ക്ക് വിഡിയോ ഷെയര്‍ ചെയ്തത്.

പിന്നീട് സോഷ്യല്‍മീഡിയയിലെത്തിയതോടെയാണ് വലിയ വിവാദമായി മാറിയത്. തുടര്‍ന്ന്  വിദ്യാര്‍ത്ഥികള്‍, കേളേജ് അധികൃതര്‍, കുടുംബങ്ങള്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. 
 

click me!