
ഡെറാഡൂൺ: ഹെഡ്ഫോണിൽ പാട്ട് കേൾക്കുകയായിരുന്ന പെൺകുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലുള്ള രാംനഗർ മേഖലയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മംമ്തയാണ് കൊല്ലപ്പെട്ടത്.
രാംനഗറിലെ ബൈൽപരാവോ വന മേഖലക്കടുത്തുള്ള ചുനാഖാൻ ഭാഗത്താണ് പെൺകുട്ടിയുടെ വീട്. കുട്ടിയുടെ വീടിന് സമീപത്തുകൂടി ഒഴുകുന്ന കനാലിന്റെ കരയിലിരുന്ന് പാട്ട് കേൾക്കുമ്പോഴായിരുന്നു പുലിയുടെ ആക്രമണമെന്ന് അധികൃയർ പറഞ്ഞു. പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയതിന് ശേഷമാണ് പുലി വകവരുത്തിയത്.
‘സംഭവത്തെ കുറിച്ച് ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചയുടനെ സ്ഥലത്തേക്ക് പോയി. ഒരു ഹെഡ്ഫോണും ചീപ്പും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി പാട്ട് കേൾക്കുന്ന സമയത്താണ് പുലി ആക്രമിക്കാൻ വന്നത്. പാട്ടിൽ ലയിച്ചിരുന്നതിനാൽ പുലി വന്നത് അവൾ അറിഞ്ഞുകാണില്ല ‘ ബൈൽപരാവോ വനത്തിലെ റെയ്ഞ്ചർ സന്തോഷ് പന്ത് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട് പേരെയാണ് ഈ മേഖലയിൽ പുലികൾ കൊലപ്പെടുത്തിയത്. പുലിയാക്രമണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായി പുലികൾ വരുന്ന മേഖലകളിൽ ഏഴ് ക്യാമറകളും രണ്ട് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുലി വരുമ്പോൾ പ്രദേശവാസികൾ ശബ്ദമുണ്ടാക്കുന്നതിനാൽ അവ കാടിനുള്ളിലേക്ക് തിരിച്ചോടി പോകുമെന്നും വനപാലകൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam