ബെംഗളൂരു കൃഷ്ണരാജപുരത്ത് നടുറോഡിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ വനിതാ ട്രാഫിക് എസ്ഐ മർദിച്ചു. തുടർന്ന് യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

ബെംഗളൂരു: കൃഷ്ണരാജപുരത്ത് നടുറോഡിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച വഴിയാത്രക്കാരനായ യുവാവിന് ട്രാഫിക് എസ്ഐയുടെ ക്രൂര മ‍‍ർദനം. നാട്ടുകാർ നോക്കിനിൽക്കേ കെആ‍ർ പുരം ട്രാഫിക് സ്റ്റേഷനിലെ വനിതാ എസ്ഐ നയനയാണ് രാഹുൽ എന്ന വിദ്യാർത്ഥിയുടെ ചെകിട്ടത്തടിച്ചത്. ചോദ്യം ചെയ്ത രാഹുലിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

ഈ മാസം 12ന് രാവിലെ 8.20ന് കൃഷ്ണരാജപുരത്ത് നടന്ന സംഭവമാണ് ബെംഗളൂരു പൊലീസിനെതിരെ വലിയ ജനരോഷത്തിന് ഇടയാക്കിയിരിക്കുന്നത്. കെആർപുരത്ത് ബട്ടരഹളളി റോഡിലെ സിഗ്നലിൽ തർക്കത്തിലേർപ്പെട്ട രണ്ട് കാറുടമകളെ പിന്തിരിപ്പിക്കുകയായിരുന്നു ആവഴി വന്ന രാഹുൽ എന്ന വിദ്യാർത്ഥി. ഈ സമയം അവിടെയെത്തിയ കെ.ആർ.പുരം ട്രാഫിക് സ്റ്റേഷനിലെ വനിതാ എസ്ഐ നയന ഇത് പരിഗണിക്കാതെ രാഹുലിനോട് തട്ടിക്കയറി. താൻ തെറ്റൊന്നും ചെയ്തില്ലെന്ന് രാഹുൽ പറയുന്നുണ്ടായിരുന്നെങ്കിലും ചെവിക്കൊള്ളാതിരുന്ന എസ്ഐ ആളുകൾ നോക്കിനിൽക്കെ രാഹുലിന്റെ ചെകിട്ടത്തടിച്ചു. ഫോൺ തകർത്തു.

തുടർന്ന് രാഹുലിനെയും കാറിലുണ്ടായിരുന്ന മൂന്ന് പേരെയും സ്റ്റേഷനിലെത്തിച്ച നയന, ഇവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാൻ സ്റ്റേഷനിലെ പൊലീസുകാരോട് നിർദേശിച്ചു. രാഹുൽ ഉൾപ്പെടെയുള്ള മൂന്നുപേരും ബോഡി ഷെയ്മിംഗ് നടത്തി തന്നെ അപമാനിച്ചു എന്നാണ് നയനയുടെ ആരോപണം. ഇതിനു പിന്നാലെയാണ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥ‌ർ ഇടപെട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്.