ടീസ്റ്റ സെതൽവാദ് സുപ്രീം കോടതിയെ സമീപിച്ചു; ജാമ്യാപേക്ഷ ഈ മാസം 22 ന് പരിഗണിക്കും

By Web TeamFirst Published Aug 16, 2022, 9:26 PM IST
Highlights

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്ത സെതൽവാദ് അടക്കമുള്ളവർക്കെതിരായ കുറ്റം

ദില്ലി: ജാമ്യം തേടി ടീസ്റ്റ സെതൽവാദ് സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യപേക്ഷ ഈ മാസം 22 നു പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ടീസ്റ്റയുടെ ജാമ്യം പരിഗണിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയിലെത്തിയത്. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർബി ശ്രീകുമാർ എന്നിവർക്കെതിരെയുള്ള കേസ്.

കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്. 

കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. നിലവിൽ ജയിലിലുള്ള മുൻ ഡിഐജി സഞ്ജീവ് ഖന്നയാണ് എഫ്ഐആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ്കുറ്റങ്ങൾ.എന്നാൽ പ്രതികാര ബുദ്ധിയോടെയുള്ള നടപടിയാണ് ഈ കേസെന്നാ ടീസ്തയുടെ അഭിഭാഷകൻ വാദിക്കുന്നത്. 

click me!