
പട്ന: തന്റെ കാമുകിയും സഹോദരനും ചേർന്ന് തന്നെയും പിതാവ് ലാലുപ്രസാദ് യാദവിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ഗുരുതര ആരോപണവുമായി ജെജെഡി പ്രസിഡന്റ് തേജ് പ്രതാപ് യാദവ്. കാമുകി അനുഷ്ക യാദവ്, അവളുടെ സഹോദരൻ ആകാശ് യാദവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ തേജ് പ്രതാപ് യാദവ് പട്നയിലെ സചിവാലയ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസിൽ ഉൾപ്പെട്ടവരെല്ലാം അനുഷ്കയുടെ കുടുംബാംഗങ്ങളാണ്. മുൻപ് ആർജെഡി വിദ്യാർത്ഥി വിഭാഗം നേതാവും തേജ് പ്രതാപിന്റെ സഹായിയുമായിരുന്ന ആകാശ് യാദവിൽ നിന്ന് തനിക്ക് നേരിട്ട് വധഭീഷണി ഉണ്ടായതായി തേജ് പ്രതാപ് യാദവ് ആരോപിച്ചു.
നിലവിൽ തന്റെ പിതാവ് ലാലു പ്രസാദ് യാദവ് അസുഖബാധിതനാണ്. ഈ സാഹചര്യം മുതലെടുത്ത് തങ്ങളെ രണ്ടുപേരെയും വധിക്കാനാണ് അനുഷ്കയും ആകാശും ചേർന്ന് ഗൂഢാലോചന നടത്തുന്നത്. കഴിഞ്ഞ ദിവസം നാല് പേർ തന്റെ വസതിയിലേക്ക് ബലമായി അതിക്രമിച്ചു കയറിയതായും, അവരെ പിടികൂടാൻ ശ്രമിച്ചപ്പോഴേക്കും അവർ ഓടി രക്ഷപ്പെട്ടതായും തേജ് പ്രതാപ് വ്യക്തമാക്കി. ഈ സംഭവം തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ആകാശ് യാദവും അനുഷ്കയുടെ കുടുംബവും പ്രതിപക്ഷവുമായി ഒത്തുകളിച്ചാണ് ഈ വധഗൂഢാലോചന നടത്തുന്നതെന്ന് തേജ് പ്രതാപ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രതിച്ഛായ തകർക്കാൻ തുടക്കം മുതൽ ഇവർ ശ്രമിക്കുന്നുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തിൽ സചിവാലയ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതികളുടെയും പേരുകൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായി ഉണ്ടാകുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ തനിക്ക് മതിയായ സുരക്ഷ വേണമെന്ന് തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനായി കോടതിയിൽ അപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ഈ സുരക്ഷാ പ്രശ്നം ഉന്നയിച്ച് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും അദ്ദേഹം പട്നയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam