തേജസ് യുദ്ധവിമാനം തകർന്നുവീഴാൻ കാരണമെന്ത്? എയർ മാർഷൽ അനിൽ ചോപ്ര പറയുന്നു

Published : Nov 22, 2025, 11:53 PM ISTUpdated : Nov 23, 2025, 12:13 AM IST
Air Marshal Anil Chpra

Synopsis

ദുബൈ എയർ ഷോയിൽ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് വീരമൃത്യു വരിച്ച സംഭവത്തിൽ സാങ്കേതിക വശങ്ങൾ, ഇന്ത്യയുടെ വ്യോമയാന പദ്ധതിയുടെ ഭാവി എന്നിവയെക്കുറിച്ച് റിട്ടയേർഡ് എയർ മാർഷൽ അനിൽ ചോപ്ര.

ദുബൈ എയർ ഷോയിലെ പ്രദർശന പറക്കലിനിടെ തേജസ് യുദ്ധവിമാനം തകർന്നുവീണത് ഇന്ത്യക്കാരെ സംബന്ധിച്ച് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഹിമാചൽ സ്വദേശിയായ വിങ് കമാൻഡർ നമൻഷ് സ്യാൽ എന്ന പൈലറ്റാണ് വീരമൃത്യു വരിച്ചത്. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നത് ഞെട്ടലോടെയും നിസ്സഹായയതോടെയുമാണ് എല്ലാവരും നോക്കിനിന്നത്. ആ ദുരന്തം സംഭവിക്കുന്നതുവരെ അതൊരു അത്ഭുതകരമായ ഷോ ആയിരുന്നു.

നമുക്ക് ധീര സൈനികനെ നഷ്ടപ്പെട്ടു: എയർ മാർഷൽ അനിൽ ചോപ്ര

ഈ ദിവസം വ്യോമസേനയ്ക്ക് മാത്രമല്ല, രാജ്യത്തിൻ്റെ എയ്റോസ്പേസ് മേഖലയെ സംബന്ധിച്ചും വേദനിപ്പിക്കുന്ന ദിവസമാണെന്ന് റിട്ടേഡ് എയർ മാർഷൽ അനിൽ ചോപ്ര ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച യുദ്ധ വിമാനം വിദേശ മണ്ണിൽ തകരുന്നത് അങ്ങേയറ്റം നിർഭാഗ്യകരമായ അപകടമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ള പൈലറ്റും നിലവാരമുള്ള വിമാനവുമായിരുന്നുവെന്ന് അഭ്യൂഹങ്ങൾ  തള്ളി അദ്ദേഹം ഊന്നിപ്പറഞ്ഞു.

"വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഇന്ത്യയുടെ വ്യോമയാന പദ്ധതിക്ക് ഉയർന്ന സുരക്ഷാ നിലവാരമാണുള്ളത്. പൈലറ്റ് വളരെ പ്രൊഫഷണലായ ഒരാളായിരുന്നു. പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. നമുക്കൊരു ധീര സൈനികനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനവും സല്യൂട്ടും അറിയിക്കുന്നു"- എയർ മാർഷൽ അനിൽ ചോപ്ര പറഞ്ഞു. വിങ് കമാൻഡർ സ്യാൽ ഉയർന്ന പരിശീലനം ലഭിച്ച പൈലറ്റായിരുന്നു. അദ്ദേഹം എയറോബാറ്റിക് ദൗത്യത്തിനായി പ്രത്യേകമായി തെരഞ്ഞെടുക്കപ്പെടുകയും സമഗ്രമായി പരിശീലനം നേടുകയും ചെയ്തു. ഈ പ്രകടനം എട്ട് മിനിറ്റ് നീണ്ടുനിൽക്കുന്നതായിരുന്നു.

പാകിസ്ഥാൻ്റെ പ്രചാരണം

അപകടം നടന്ന് നിമിഷങ്ങൾക്കകം, പാകിസ്ഥാനിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഇന്ത്യയുടെ വ്യോമയാന പരിപാടിയെ പരിഹസിക്കാൻ ശ്രമം നടന്നു. പാകിസ്ഥാൻ അടുത്തിടെ നേരിട്ട സൈനിക തിരിച്ചടി അദ്ദേഹം ഓർമ്മിപ്പിച്ചു: "ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് അവർക്കൊരു പ്രഹരം കിട്ടിയതേയുള്ളൂ. പാകിസ്ഥാൻ വ്യോമസേനയുടെ ഏകദേശം 20 ശതമാനം തകർക്കപ്പെട്ടു."

ചില പാകിസ്ഥാൻ മുൻ സൈനികർ മാന്യതയോടെ പ്രതികരിച്ചതും എയർ മാർഷൽ അനിൽ ചോപ്ര ചൂണ്ടിക്കാട്ടി. ചുരുക്കം ചില പാകിസ്ഥാൻ വ്യോമസേനാ പൈലറ്റുമാർ വളരെ പക്വമായ അഭിപ്രായം രേഖപ്പെടുത്തിയത് അദ്ദേഹം പറഞ്ഞു- "സുരക്ഷാ രേഖകൾ പരിശോധിച്ചാൽ അവർക്ക് അഞ്ചോ ആറോ ജെഎഫ്-17 വിമാനങ്ങൾ നഷ്ടപ്പെട്ടു. ഇത് നമ്മുടെ രണ്ടാമത്തെ അപകടമാണ്"

തേജസ് Vs ജെഎഫ്-17

തേജസ് വിമാനം പാകിസ്ഥാൻ്റെ ജെഎഫ്-17 വിമാനവുമായി താരതമ്യം ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എയർ മാർഷൽ അനിൽ ചോപ്ര വിശദീകരിച്ചു: "തേജസ് വ്യത്യസ്ത ക്ലാസിലെ വിമാനമാണ്. മൊത്തത്തിൽ ഈ വിമാനം 4.5 തലമുറയിൽ പെടുന്നു. ജെഎഫ്-17-നേക്കാൾ വളരെ മുന്നിലാണ്."

ജെഎഫ്-17 പുറത്തുനിന്നുള്ള സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു: "അതിൻ്റെ അടിസ്ഥാന സാങ്കേതികവിദ്യ, എഞ്ചിൻ, റഡാർ, എല്ലാം പുറത്തുനിന്നുള്ളതാണ്. ഇത് പ്രധാനമായും സാധ്യമായത് ചൈനയുടെ നേരിട്ടുള്ള പിന്തുണ മൂലമാണ്. എന്നാൽ തേജസ് എഞ്ചിൻ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിൽ പോലും, തദ്ദേശീയമായാണ് നിർമ്മിച്ചിരിക്കുന്നത്"

വീഡിയോകളിൽ കാണുന്നത്...

ഊഹാപോഹങ്ങൾ അതിവേഗം പടരുമ്പോൾ, സംയമനം പാലിക്കാൻ എയർ മാർഷൽ ചോപ്ര അഭ്യർത്ഥിച്ചു. അപകടം നടന്നിട്ട് 24 മണിക്കൂർ മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു- "നെഗറ്റീവ് 'ജി' ഉൾപ്പെടുന്ന ഒരു 'ഔട്ട്സൈഡ് ടേൺ' പൈലറ്റ് ചെയ്തതായി നമ്മളെല്ലാം കണ്ടു. അതിനുശേഷം, അദ്ദേഹത്തിന് പുനഃസ്ഥാപിക്കാനുള്ള ടേൺ ചെയ്യേണ്ടിയിരുന്നു.

തുടർന്നാണ് നിർണായക നിമിഷം വന്നത്. ആ താഴ്ന്നുള്ള അഭ്യാസത്തിൽ, അദ്ദേഹത്തിന് ഉയരത്തിൽ തിരിച്ചെത്താനായില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഉയരം നഷ്ടപ്പെട്ടതെന്ന് നമുക്ക് അറിയില്ല. സാധ്യമായ കാരണങ്ങൾ പലതാണ്. സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നോ? നിയന്ത്രിക്കാൻ പ്രശ്‌നമുണ്ടായിരുന്നോ? എഞ്ചിൻ ത്രസ്റ്റ് കുറവുണ്ടായോ? എന്താണുണ്ടായതെന്ന് അറിയില്ല. വിമാനത്തിൻ്റെ നോസ് ആവശ്യത്തിന് വേഗത്തിൽ കറങ്ങുന്നില്ല എന്ന് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. വിമാനം വളരെ ഉയർന്ന വേഗതയിൽ ഇടിച്ചിറങ്ങിയെന്ന് എയർ മാർഷൽ വിശദീകരിച്ചു.

അന്വേഷണം

ഇന്ത്യൻ വ്യോമസേന പിന്തുടരുന്ന വിശദമായ, ശാസ്ത്രീയ അന്വേഷണ രീതി എയർ മാർഷൽ ചോപ്ര വിശദീകരിച്ചു: "കോർട്ട് ഓഫ് എൻക്വയറി സാധാരണയായി അങ്ങേയറ്റം സൂക്ഷ്മമായാണ് നടത്തുക. ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ ഇതിനകം വീണ്ടെടുത്തിട്ടുണ്ട്."

എന്തൊക്കെയാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു: “അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കും, ഹൈഡ്രോളിക്, ഇന്ധന സാമ്പിളുകൾ പരിശോധിക്കും. പൈലറ്റിൻ്റെ മെഡിക്കൽ ചരിത്രവും അവർ പരിശോധിക്കും.”ഒടുവിൽ, വീഡിയോയും ടെലിമെട്രിയും സമന്വയിപ്പിച്ച് ഓരോ സെക്കന്‍റും വിശകലനം നടത്തും:

"വീഡിയോകൾക്കൊപ്പം എഫ്ഡിആർ പ്ലേ ചെയ്യും. അപ്പോൾ നിയന്ത്രണ സ്ഥാനങ്ങൾ എന്തായിരുന്നു, എഞ്ചിൻ്റെ നില എന്തായിരുന്നു, അതിൻ്റെ ഉയരം എത്രയായിരുന്നു എന്നൊക്കെ നമുക്ക് ഘട്ടം ഘട്ടമായി അറിയാൻ കഴിയും."

കാലാവസ്ഥയെ കുറ്റപ്പെടുത്താൻ കഴിയുമോ?

ചില വ്യോമയാന നിരീക്ഷകർ അന്ന് റൺവേയിലെ മൂടൽമഞ്ഞിനെക്കുറിച്ച് സംസാരിച്ചിരുന്നു. ചോപ്ര ഈ സിദ്ധാന്തം പൂർണ്ണമായും തള്ളിക്കളഞ്ഞു: “കാലാവസ്ഥ വളരെ മികച്ചതായിരുന്നു. അഭ്യാസങ്ങൾക്കിടയിൽ വിമാനം മുഴുവൻ സമയവും കാണാൻ കഴിഞ്ഞെങ്കിൽ, അതിനർത്ഥം ദൃശ്യപരത വളരെ മികച്ചതായിരുന്നു എന്നാണ്.” എയർഷോകളിലെ കാലാവസ്ഥാ നിരീക്ഷണത്തിൻ്റെ നിലവാരം അദ്ദേഹം വിവരിച്ചു: "ഫ്ലൈയിംഗ് ഡിസ്‌പ്ലേ ഡയറക്ടർ വളരെ വിശദമായ ബ്രീഫിംഗ് നൽകുന്നു. കാലാവസ്ഥ എല്ലാ സമയത്തും എല്ലാ പൈലറ്റുമാർക്കും ഓൺലൈനിൽ ലഭ്യമാണ്."

എന്തുകൊണ്ടാണ് ജിഇ404 എഞ്ചിൻ തെരഞ്ഞെടുത്തത്?

എഞ്ചിൻ നിലവാരമില്ലാത്തതാണെന്ന സിദ്ധാന്തം മുൻ എയർ മാർഷൽ നിഷേധിച്ചു: “ജിഇ404 തെളിയിക്കപ്പെട്ടതും പരീക്ഷിച്ചതുമായ എഞ്ചിനാണ്. എഞ്ചിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് ഒരു സംശയവുമില്ല.” പൂർണ്ണമായും ദൗത്യത്തിന് തയ്യാറാകാത്ത വിമാനങ്ങൾ വ്യോമസേന പറപ്പിക്കില്ല എന്നും അദ്ദേഹം വിശദീകരിച്ചു: അതേസമയം ഒരു സംവിധാനവും സാങ്കേതിക തകരാറിൽ നിന്ന് പൂർണമായി മുക്തമല്ല- “സാങ്കേതിക തകരാർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനാവും. പക്ഷേ അത് പൂർണമായി ഇല്ലാതാക്കാൻ കഴിയില്ല”. ഇന്ത്യയുടെ വലിയ പദ്ധതിയെ ഇതൊന്നും മന്ദഗതിയിലാക്കില്ല. മാർക്ക് 1എ, മാർക്ക് 2 എന്നിവ വേഗത്തിൽ പുറത്തുവരണം. തേജസ് ഒരു യുദ്ധ വിമാനം മാത്രമല്ല. അത് ഇന്ത്യയുടെ വ്യോമയാന അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രദർശന പറക്കലിന്‍റെ സമ്മർദം

എയർഷോയിലെ പറക്കൽ സൈനിക വ്യോമയാനത്തിലെ ഏറ്റവും അപകടകരമായ പ്രവർത്തനങ്ങളിൽ ഒന്നാണെന്ന് പലരും മറക്കുന്നു. "ഡിസ്‌പ്ലേയ്ക്കിടയിൽ, വിമാനത്തെ അതിൻ്റെ പരിധിയിൽ പറത്താൻ ശ്രമിക്കും. കൂടാതെ നിലത്തോട് വളരെ അടുത്തും പറക്കുന്നു. വേഗത, ഉയർന്ന 'ജി' ഫോഴ്സ്, എയറോഡൈനാമിക് പരിധികൾ എന്നിങ്ങനെയുള്ള ഘടകങ്ങളുണ്ട്. ചരിത്രത്തിലെ ആദ്യത്തെ എയർഷോ അപകടമല്ല ഇത്. അവസാനത്തേതുമാകില്ലെന്ന് എയർ മാർഷൽ പറയുന്നു. ചരിത്രം പരിശോധിച്ചാൽ പ്രദർശന പറക്കലിൽ ഓരോ മൂന്നാമത്തെയും നാലാമത്തെയും വർഷം എവിടെയെങ്കിലും ഒരു അപകടം സംഭവിച്ചിട്ടുണ്ട്.

തദ്ദേശീയമായി നിർമിച്ച എഞ്ചിൻ്റെ ആവശ്യം

ഇന്ത്യ ആഗ്രഹിക്കുന്ന തലത്തിൽ എത്തണമെങ്കിൽ, ഒരു നിർണായക ആവശ്യം എയർ മാർഷൽ ചോപ്ര ഊന്നിപ്പറഞ്ഞു. എഞ്ചിൻ വിമാനത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ഇന്ന് ഏതാനും ചില രാജ്യങ്ങൾ മാത്രമാണ് നൂതന യുദ്ധ വിമാന എഞ്ചിനുകൾ നിർമ്മിക്കുന്നത്. ആ ക്ലബ്ബിൽ എത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു: “പ്രധാനമന്ത്രി തന്നെ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഫ്രാൻസിലെ സാഫ്രാനുമായി സംയുക്തമായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ലക്ഷ്യം സ്വയം പര്യപ്തതയാണ്. ഇന്ത്യൻ സർക്കാരിന് ബൗദ്ധിക സ്വത്തവകാശം ഉള്ള ഒരു എഞ്ചിൻ നിർമ്മിക്കും. ഭാവിയിൽ ആ എഞ്ചിൻ ആത്യന്തികമായി അഞ്ചാം തലമുറ വിമാനമായ എഎംസിഎക്ക് ശക്തി നൽകും”

മുന്നോട്ടുള്ള വഴി

വ്യോമസേനയെ സംബന്ധിച്ചിടത്തോളം വിങ് കമാൻഡർ സ്യാലിൻ്റെ നഷ്ടം പറഞ്ഞറിയിക്കാനാവില്ല. തേജസ് പദ്ധതിയെ സംബന്ധിച്ചിടത്തോളം, ഈ ദുരന്തം വൈകാരിക തിരിച്ചടിയാണ്. എന്നാൽ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനമല്ലെന്ന് എയർ മാർഷൽ ചോപ്ര പറയുന്നു- “എൽസിഎ മാർക്ക് 1എ-യുടെ വരവിനായി വ്യോമസേന ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത് രാജസ്ഥാനിലെയും പഞ്ചാബിലെയും മുൻനിര താവളങ്ങളിൽ വിന്യസിക്കും.” ദുബൈയിൽ തേജസ് വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് ഇന്ത്യ അന്വേഷണത്തിലൂടെ കണ്ടെത്തുക തന്നെ ചെയ്യുമെന്നും എയർ മാർഷൽ അനിൽ ചോപ്ര പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'