
ബെംഗളൂരു: ബെംഗളൂരുവിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർന്ന സംഭവത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. പണം നിറക്കാൻ കരാറെടുത്ത സ്ഥാപനമായ സിഎംഎസിന്‍റെ ഡ്രൈവർ, കവർച്ചയിൽ പങ്കെടുത്ത മൂന്നുപേർ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നഷ്ടപ്പെട്ട പണത്തിൽ ആറര കോടിയോളം രൂപ ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. നടുറോഡിൽ പട്ടാപ്പകൽ വാഹനം തടഞ്ഞുനിർത്തി 7 കോടി 11 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിലാണ് നഷ്ടപ്പെട്ട പണത്തിന്‍റെ ഭൂരിഭാഗവും ബെംഗളൂരു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെ ഇന്ന് ഹൈദരാബാദിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഹൈദരാബാദിലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു ഇവർ. 70 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. കവർച്ച ആസൂത്രണം ചെയ്ത രണ്ടുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് 5.76 കോടി രൂപയും പിടിച്ചെടുത്തു. ഇതോടെ നഷ്ടപ്പെട്ട പണത്തിൽ 6 കോടി 45 ലക്ഷം രൂപയും വീണ്ടെടുക്കാൻ പൊലീസിനായി. 70 ലക്ഷം രൂപ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. കേസില്‍ ഇതുവരെ ആറു പേരാണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അന്നപ്പ നായിക്, സിഎംഎസിലെ മുൻജീവനക്കാരൻ മലയാളിയായ തേവിയർ, പണം കൊണ്ടുപോയ വാഹനത്തിന്‍റെ ഡ്രൈവർ, കവർച്ച നടത്തിയവരിൽ മൂന്നുപേർ എന്നിവരാണ് ഇതുവരെ പിടിയിലായത്. ശേഷിച്ച പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇവരെ കണ്ടെത്തുന്നതോടെ അവശേഷിച്ച പണം കൂടി കണ്ടെത്താനാകും എന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.