
പട്ന: ബിഹാറില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ (ജനുവരി 14) 'മയി ബഹിൻ മാൻ യോജന' പ്രകാരം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30,000 രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു. ബീഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും 'മയി ബഹിൻ മാൻ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നുവെന്നും തേജസ്വി പറഞ്ഞു. ആർജെഡിയും കോൺഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മായ് ബഹിൻ മാൻ യോജന വാഗ്ദാനം ചെയ്തിരുന്നു. മഹാസഖ്യം വിജയിച്ചാൽ പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്നാണ് പറയുന്നത്. നേരത്തെ, എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുുപ്പിന് തൊട്ടുമുമ്പ് 'മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന'പ്രകാരം സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനായി 1 കോടിയിലധികം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ ട്രാൻസ്ഫർ ചെയ്തിരുന്നു.
എല്ലാ ജീവിക കമ്മ്യൂണിറ്റി മൊബിലൈസർമാരെയും 30,000 രൂപ പ്രതിമാസ ശമ്പളമുള്ള സ്ഥിരം സർക്കാർ ജീവനക്കാരാക്കുമെന്നും നിലവിലുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളുമെന്നും തേജസ്വി വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ വോട്ടർമാരിൽ 47 ശതമാനം സ്ത്രീകളായതിനാലാണ് സ്ത്രീകളെ കേന്ദ്രീകരിച്ച് കൂടുതല്‍ വാഗ്ദാനങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് സ്ത്രീകളുടെ വോട്ടിങ് ശതമാനം ഉയര്‍ന്നതായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam