
ബെംഗളൂരു/ദില്ലി: തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേൽക്കും. ഹൈദരാബാദിലെ എൽ.ബി. സ്റ്റേഡിയത്തിൽ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. സോണിയാ ഗാന്ധി എത്തുമോയെന്ന് ഉറപ്പില്ല. തെലങ്കാന കോൺഗ്രസിന്‍റെ
ദളിത് മുഖം മല്ലു ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റേക്കും. ഉത്തം കുമാർ റെഡ്ഡിയും ഉപമുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനാൽ രണ്ട് ഉപമുഖ്യമന്ത്രിമാർ വേണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി, കൊമ്മട്ടി റെഡ്ഡി രാജ് ഗോപാൽ റെഡ്ഡി, കൊമ്മട്ടി റെഡ്ഡി വെങ്കട്ട രമണ റെഡ്ഡി, ദൻസരി അനസൂയ എന്നിവരും ഇന്ന് മന്ത്രിമാരായി ചുമതലയേറ്റേക്കും. 119 സീറ്റിൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലെത്തിയത്. ഇതിനിടെ, രാജസ്ഥാനിലെ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. ചർച്ചകൾ അവസാന ഘട്ടത്തിൽ നിൽക്കെ വസുന്ധര രാജെ സിന്ധ്യ ദില്ലിയിലെത്തി. മോദിയുമായും അമിത് ഷായുമായും ചർച്ച നടത്തിയേക്കും. വസുന്ധരയെ കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിക്കുകയായിരുന്നെന്നാണ് സൂചന. എംഎല്‍എമാരുടെ പിന്തുണയിൽ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ദില്ലിയിലേക്ക് വിളിപ്പിച്ചത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ ബിജെപി ഉടൻ പ്രഖ്യാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam