അഴിമതി കേസിൽ രാജിവെച്ച തെലങ്കാന മന്ത്രിസഭയിലെ രണ്ടാമൻ ബിജെപിയിലേക്ക്

By Web TeamFirst Published Jun 4, 2021, 1:03 PM IST
Highlights

ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് വിവരം. മെയ് രണ്ടിനായിരുന്നു ഇദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചത്

ഹൈദരാബാദ്: ഭൂമി തട്ടിപ്പ് കേസിൽ മന്ത്രിസ്ഥാനത്ത് നിന്ന് നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നീക്കിയ തെലങ്കാന മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ആരോഗ്യമന്ത്രി എടേല രാജേന്ദ്ര പാർട്ടിയിൽ നിന്ന് രാജിവെച്ചു. എംഎൽഎ സ്ഥാനം നേരത്തെ രാജിവെച്ച അദ്ദേഹം കഴിഞ്ഞ ദിവസം ദില്ലിയിലെത്തി അമിത് ഷായെ കണ്ടിരുന്നു.

ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് വിവരം. മെയ് രണ്ടിനായിരുന്നു ഇദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചത്. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് സർക്കാർ ഭൂമി കൈയ്യേറിയെന്നാണ് എടേല രാജേന്ദ്രയ്ക്കും കുടുംബത്തിനുമെതിരായ ആരോപണം.

താൻ പാർട്ടിയിലെ ലക്ഷ്മണ രേഖ കടന്നിട്ടില്ലെന്നും ചില ഭൂവുമടകൾക്ക് നൂറ് കണക്കിന് ഏക്കർ സ്ഥലം നൽകാനുള്ള റായ്തു ബന്ധു പദ്ധതിക്കെതിരെയടക്കം സ്വീകരിച്ച വിരുദ്ധ നിലപാടാണ് തന്നെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ കാരണമെന്ന് അധ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ വിശദീകരണം പോലും തേടാതെയാണ് മുഖ്യമന്ത്രി തന്നെ പുറത്താക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് പോലും അയാളുടെ അവസാന ആഗ്രഹം പറയാനുണ്ടാവും. എന്നാൽ മുഖ്യമന്ത്രി എന്റെ വിശദീകരണം കേൾക്കാൻ തയ്യാറായില്ലെന്നും എടേല രജേന്ദ്ര പറഞ്ഞു.

തെലങ്കാനയിലെ ഹുസുറബാദ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടി നേതൃത്വവുമായി തനിക്ക് പല കാര്യത്തിലും വിയോജിപ്പുകളുണ്ടായിരുന്നു. മന്ത്രിയെന്ന നിലയിൽ താൻ പലപ്പോഴും അപമാനിതനായി. മന്ത്രി ഹരീഷ് റാവുവും സമാനമായ സ്ഥിതി നേരിട്ടു. മുഖ്യമന്ത്രിയെ സംബന്ധിച്ച് എല്ലാ മന്ത്രിമാരും എംഎൽഎമാരും അദ്ദേഹത്തിന്റെ അടിമകളാണ്. ഒരു മന്ത്രിസ്ഥാനം എന്നത് ആത്മാഭിമാനത്തേക്കാൾ വലുതല്ലെന്നും എടേല രാജേന്ദ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

click me!