Latest Videos

തെലങ്കാനയിൽ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ അയവ്, ബജറ്റവതരണം ഈ മാസം ആറിനോ ഏഴിനോ നടന്നേക്കും

By Web TeamFirst Published Feb 1, 2023, 1:29 PM IST
Highlights

ബജറ്റ് പ്രസംഗത്തിന്‍റെ പേരിലുള്ള സർക്കാർ - ഗവർണർ പോര് കോടതി വരെ എത്തിയിരുന്നു. ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് ഗവർണറുടെ അഭിഭാഷകൻ ഉറപ്പ് നൽകിയതോടെ സർക്കാർ ഹർജി പിൻവലിക്കുകയായിരുന്നു.

ഹൈദരാബാദ്:തെലങ്കാനയിൽ ബജറ്റവതരണം മാറ്റി. ഫെബ്രുവരി 3-ന് നിയമസഭാ സമ്മേളനം തുടങ്ങുന്ന അതേ ദിവസമാണ് ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം ഗവർണറുടെ അഭിസംബോധന മാത്രമേ നടക്കൂ എന്ന് നിയമസഭാ സെക്രട്ടറി ജനറൽ അറിയിച്ചു. ബജറ്റ് ഫെബ്രുവരി 6-നോ ഏഴിനോ ആകും അവതരിപ്പിക്കുക.  ധനമന്ത്രി ടി ഹരീഷ് റാവുവാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. സംസ്ഥാന ബജറ്റ് പ്രസംഗത്തിന്‍റെ പേരിലുള്ള സർക്കാർ - ഗവർണർ പോര് കോടതി വരെ എത്തിയിരുന്നു. ബജറ്റ് പ്രസംഗത്തിന് ഗവർണർ അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീട് ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് ഗവർണറുടെ അഭിഭാഷകൻ ഉറപ്പ് നൽകിയതോടെ സർക്കാർ ഹർജി പിൻവലിക്കുകയായിരുന്നു.

അതിനിടെ ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനം ഇനി വിശാഖപട്ടണമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങളെന്ന പദ്ധതി സർക്കാർ മരവിപ്പിക്കില്ലെന്നാണ് സൂചന. മാർച്ച് മൂന്നിന് വിശാഖപട്ടണത്ത് തുടങ്ങാനിരിക്കുന്ന നിക്ഷേപകസംഗമത്തിലേക്ക് സംരംഭകരെ ക്ഷണിച്ചുകൊണ്ടാണ് ജഗൻമോഹൻ റെഡ്ഡിയുടെ ഈ പ്രഖ്യാപനം. 2015-ലാണ് കൃഷ്ണാനദിക്കരയിൽ അമരാവതിയെന്ന സ്വപ്നതലസ്ഥാനനഗരി പണിയുമെന്ന് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിക്കുന്നത്. എന്നാൽ അമരാവതി പണിയാനിരിക്കുന്ന ഗുണ്ടൂർ ജില്ലയിൽ പലർക്കും ഭൂമി വാങ്ങിക്കൂട്ടി വൻലാഭമുണ്ടാക്കാനുള്ള വലിയൊരു അഴിമതിയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തായിരുന്ന വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി ഇതിനെ നേരിട്ടത്.

ഫലഭൂയിഷ്ടമായ പ്രദേശത്തെ നശിപ്പിക്കാനുള്ള പദ്ധതിയെന്നാരോപിച്ച് കർഷകസംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ജഗൻമോഹൻ റെഡ്ഡി അധികാരത്തിലെത്തിയപ്പോൾ ഒറ്റത്തലസ്ഥാനമെന്ന പദ്ധതി ഉപേക്ഷിച്ച് മൂന്ന് തലസ്ഥാനങ്ങളെന്ന ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസ്സാക്കി. വിശാഖപട്ടണം ഭരണതലസ്ഥാനവും അമരാവതി നിയമസഭാ ആസ്ഥാനവും കുർണൂൽ ജുഡീഷ്യൽ ആസ്ഥാനവുമാക്കും എന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. എന്നാലിത് ആന്ധ്രാ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെതിരെ ജഗൻമോഹൻ റെഡ്ഡി സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിൽ ഈ കേസിരിക്കേയാണ് തന്‍റെ ഓഫീസടക്കം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന റെഡ്ഡിയുടെ പ്രസ്താവന

click me!