'ശബരിമല വിധി കളിക്കാന്‍ എഴുതി വച്ചതല്ല', യുവതീപ്രവേശനം ഇപ്പോഴും ബാധകമെന്ന് ജസ്റ്റിസ് നരിമാന്‍

By Web TeamFirst Published Nov 15, 2019, 12:03 PM IST
Highlights

'' ശബരിമല കേസില്‍ ഞങ്ങള്‍ ഇന്നലെ നല്‍കിയ ന്യൂനപക്ഷ വിധി വായിച്ചു വായിച്ചു നോക്കൂ, അതു കളിക്കാന്‍ വേണ്ടി എഴുതി വച്ചതല്ല. ശബരിമലയിലെ മുന്‍വിധിയില്‍ മാറ്റമില്ല അതിപ്പോഴും നിലനില്‍ക്കുന്നുണ്ട് '' 

ദില്ലി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് അഞ്ചംഗ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നും സുപ്രീംകോടതി ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ വ്യക്തമാക്കി. മറ്റൊരു കേസിന്‍റെ വാദത്തിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടത്. 

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് നരിമാന്‍റെ പരാമര്‍ശം. ശിവകുമാറിനെതിരായ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വേണ്ടിയാണ് തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായത്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ശിവകുമാറിന്‍റെ കേസ് പരിഗണിച്ചത്. കേസിന്‍റെ നടപടികള്‍ക്കിടെയാണ് നരിമാന്‍ തുഷാര്‍ മേത്തയോട് വാക്കാല്‍ ഈ നിര്‍ദേശം നല്‍കിയത്. 

'' ശബരിമല കേസില്‍ ഞങ്ങള്‍ ഇന്നലെ നല്‍കിയ ന്യൂനപക്ഷ വിധി വായിച്ചു വായിച്ചു നോക്കൂ, അതു കളിക്കാന്‍ വേണ്ടി എഴുതി വച്ചതല്ല. ശബരിമലയിലെ മുന്‍വിധിയില്‍ മാറ്റമില്ല അതിപ്പോഴും നിലനില്‍ക്കുന്നുണ്ട് '' എന്നാണ് ക്ഷുഭിതനായി കൊണ്ട് ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്. 2018-ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും കേസിലെ നിയമപ്രശ്നങ്ങള്‍ വിശാലബെഞ്ച് പരിഗണിച്ച് തീരുമാനമെടുക്കും വരെ പുനപരിശോധനഹര്‍ജികള്‍ മാറ്റിവയ്ക്കുന്നതായുമാണ് ഇന്നലത്തെ വിധിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയത്. 

ഇന്നലെ ശബരിമല പുനപരിശോധനാ കേസിലെ വിധിയില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച് വിധി എഴുതിയത് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢുമാണ്. സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭങ്ങളെ ശക്തമായി നേരിടണമെന്നും ഇരുവരും വിധിയില്‍ എഴുതിയിരുന്നു. വിധി എഴുതി കഴിഞ്ഞ ശേഷം ഒരു കേസില്‍ സുപ്രീംകോടതി ജഡ്ജി പിന്നെയും നിര്‍ദേശം കൊടുക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ് എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ശബരിമലക്ഷേത്രത്തിലെ യുവതീപ്രവേശനം, പള്ളികളിലേയും ദര്‍ഗ്ഗകളിലേയും മുസ്ലീം സ്ത്രീകളുടെ പ്രവേശനം പാഴ്സി ആരാധാനാലയങ്ങളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം എന്നീ കേസുകളെല്ലാം തന്നെ വിശാലമായ ബെഞ്ചാണ് പരിഗണിക്കുന്നത്.  പാഴ്സി സമുദായത്തിലെ പുരോഹിതന്‍ കൂടിയാണ് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ എന്നതിനാല്‍ ഭിന്നതാത്പര്യം ചൂണ്ടിക്കാട്ടി വിശാല ബെഞ്ചിലേക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഴ് ജഡ്ജിമാരായ വിശാലബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത് എന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചെങ്കിലും ചിലപ്പോള്‍ ഒന്‍പത് അംഗ ബെഞ്ചിന് മുന്നിലേക്ക് കേസ് എത്തും എന്ന് സൂചനയുണ്ട്. 

click me!