
ഹൈദരാബാദ്: പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, ഈ കേസുകളിൽ മജിസ്‌ട്രേറ്റിന് ജാമ്യം നൽകാൻ കഴിയും.
അറസ്റ്റു ചെയ്ത അല്ലു അർജുനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കൽ പരിശോധന ഓസ്മാനിയ മെഡിക്കൽ കോളേജിലും നടക്കും. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് എത്തിയപ്പോൾ അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അർജുൻ ചോദിച്ചു. പ്രാതൽ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം അല്ലു അർജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ചിത്രം കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാല്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ല. പോരാത്തതിന് അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു. തുറന്ന ജീപ്പില്‍ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അല്ലു സ്ഥലത്തേക്ക് അന്ന് എത്തിയത്.
അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്മെന്‍റ്, അല്ലുവിന്‍റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്‍, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതേസമയം അല്ലു അര്‍ജുന്‍ ഈ കേസില്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കോടതി കേസ് ഫയലില്‍ സ്വീകരിച്ചിട്ടേയുള്ളൂ. നടന്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതിന് മുന്‍പാണ് പൊലീസിന്‍റെ നടപടി.
ഭര്‍ത്താവ് മൊഗഡാന്‍പള്ളി ഭാസ്കറിനും മകന്‍ ശ്രീ തേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് രേവതി അന്ന് രാത്രി പ്രീമിയര്‍ നടന്ന തിയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞതിനാല്‍ കുട്ടിയെ തിയറ്ററിന് അടുത്തുള്ള ബന്ധുവീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി. ഈ സമയത്താണ് പ്രീമിയര്‍ കാണാനായി അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തിയത്. തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം ഇതോടെ അതിരുവിടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു. ശ്രീ തേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്.
അതേസമയം സംഭവത്തില്‍ അനുശോചിച്ചും രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സംഭവം നടന്നതിൽ ഹൃദയം തകർന്നു. വൈകാതെ ആ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ എത്തും. ഇപ്പോൾ അവരുടെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീ തേജിന്‍റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്നും അല്ലു അര്‍ജുന്‍ അറിയിച്ചിരുന്നു.
'പുഷ്‍പ 2' പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam