
കംഗ്ര: ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചിയില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ 2000ത്തിന്‍റെ നോട്ടുകള്‍ ലഭിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിന്‍റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കാണിക്ക വഞ്ചിയില്‍ നിന്നാണ് 2000ത്തിന്‍റെ 400 നോട്ടുകള്‍ ലഭിച്ചത്. ആരാണ് 2000ത്തിന്‍റെ നോട്ടുക്കെട്ടുകള്‍ നിക്ഷേപിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മെയ് 20നാണ് നോട്ടുകള്‍ ലഭിച്ചതെന്ന് ക്ഷേത്രത്തിലെ പൂജാരിയും ക്ഷേത്ര ട്രസ്റ്റ് അംഗവുമായ കപില്‍ ശര്‍മ്മ പറഞ്ഞു.
മെയ് 21 ന് ക്ഷേത്ര അധികൃതർ കാണിക്കവഞ്ചി തുറന്ന് എണ്ണിയപ്പോൾ 2,000 രൂപയുടെ 100 നോട്ടുകകള്‍ വീതമുള്ള നാല് കെട്ടുകൾ കണ്ടെത്തി. സംഭാവന നൽകിയത് ഒരു വ്യക്തിയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കപില്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 770 ഗ്രാം വെള്ളിയും കൂടാതെ 11.32 ലക്ഷം രൂപ പണമായും ഭക്തർ അന്നേ ദിവസം സമർപ്പിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകള്‍ എണ്ണിയപ്പോഴാണ് എട്ട് ലക്ഷം രൂപ വന്നത്. 500 രൂപ നോട്ടുകള്‍ എണ്ണിയപ്പോള്‍ 2.2 ലക്ഷം ഉണ്ടായിരുന്നു.
200 രൂപയുടെ നോട്ടുകള്‍ എണ്ണിയപ്പോള്‍ 27,000വും 100 രൂപയുടെ നോട്ടുകള്‍ എണ്ണിയപ്പോള്‍ 1.3 ലക്ഷവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേററ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരിച്ചിരുന്നു. നോട്ട് മാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്.
ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നൽകി. വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിലാണ് അറിയിച്ചത്. 2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ സെൻട്രൽ ബാങ്ക് സമയപരിധിയും നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam