ചടങ്ങുകളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചു; തുടര്‍ച്ചയായ നാലാം വര്‍ഷവും ഉത്സവം മുടങ്ങി

By Web TeamFirst Published Aug 25, 2019, 10:54 PM IST
Highlights

തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് ട്രസ്റ്റിന്‍റെ അധീനതയിലുള്ള ക്ഷേത്രമാണെങ്കിലും കഴിഞ്ഞ നാലുവര്‍ഷമായി ഇവിടുത്തെ ഉത്സവം മുടങ്ങിക്കിടക്കുകയാണ്. 

നാഗപട്ടിണം: ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ദളിത് വിഭാഗത്തില്‍പ്പെട്ടവരെ തടഞ്ഞതോടെയുണ്ടായ സംഘര്‍ഷത്തില്‍ ഉത്സവം നിര്‍ത്തിവെച്ചു. തമിഴ്നാട് നാഗപട്ടിണത്തെ പഴങ്ങ് കള്ളിമേട് ഗ്രാമത്തിലെ ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവമാണ് ഇരു വിഭാഗക്കാര്‍ തമ്മിലുണ്ടായ വാക്കുകതര്‍ക്കത്തിനൊടുവില്‍ നിര്‍ത്തിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ക്ഷേത്രത്തിലെ ഉത്സവം മുടങ്ങുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈെസ് റിപ്പോര്‍ട്ട് ചെയ്തു. 

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങായ മണ്ഡകപ്പടിയില്‍ പങ്കെടുക്കണമെന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മേല്‍ ജാതിയില്‍പ്പെട്ട മറ്റുള്ളവര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ക്രമസമാധാന പാലനത്തിനായി ഉത്സവം നിര്‍ത്തിവെക്കുകയായിരുന്നു. തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് ട്രസ്റ്റിന്‍റെ അധീനതയിലുള്ള ക്ഷേത്രമാണെങ്കിലും കഴിഞ്ഞ നാലുവര്‍ഷമായി ഇവിടുത്തെ ഉത്സവം മുടങ്ങിക്കിടക്കുകയാണ്. 

പഴങ്ങ് കള്ളമേട് ഗ്രാമത്തില്‍ 250-ഓളം ദളിത് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പിള്ളൈ, വാണിയാര്‍ സമുദായാഗംങ്ങളായ 350 കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. പൂക്കളും മറ്റുമുപയോഗിച്ച് വിഗ്രഹത്തെ അലങ്കരിച്ച് വഴിപാടായി പൊങ്കല്‍ നിവേദിക്കുകയും മൃഗങ്ങളെ ബലി കൊടുക്കുകയും ചെയ്യുന്ന ചടങ്ങാണ് മണ്ഡകപ്പടി. 
 

click me!