ആമസോണ്‍ കാടുകള്‍ കത്തിയമരുന്നതിനെതിരെ ബ്രസീല്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

By Web TeamFirst Published Aug 25, 2019, 9:50 PM IST
Highlights

കോർപ്പറേറ്റ് ലാഭക്കൊതിയിൽ കത്തിയമരുന്ന ആമസോൺ എന്ന കുറിപ്പിലൂടെയും റിയാസ് പ്രതിഷേധം വ്യക്തമാക്കിയിരുന്നു

ദില്ലി: ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുന്നതിനെതിരെ ലോകമാകെ പ്രതിഷേധം വ്യാപകമാകുകയാണ്. ആമസോൺ വനാന്തരങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ തയ്യാറാവാത്ത ബ്രസിലീയൻ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഡി വൈ എഫ് ഐയും രംഗത്തെത്തി. ഡൽഹിയിലെ ബ്രസീൽ എംബസിയിൽ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നേരത്തെ കോർപ്പറേറ്റ് ലാഭക്കൊതിയിൽ കത്തിയമരുന്ന ആമസോൺ എന്ന കുറിപ്പിലൂടെയും റിയാസ് പ്രതിഷേധം വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് റിയാസിന്‍റെ കുറിപ്പ്

കോർപ്പറേറ്റ് ലാഭക്കൊതിയിൽ കത്തിയമരുന്ന ആമസോൺ...

ഭൂമിയുടെ ശ്വാസകോശമായി അറിയപ്പെടുന്ന ലാറ്റിനമേരിക്കയിലെ ആമസോൺ മഴക്കാടുകൾ കത്തിയമരുകയാണ്. ഭൂമിയിലെ മനുഷ്യർ ശ്വസിക്കുന്ന മൊത്തം ഓക്സിജന്റെ 20 ശതമാനവും അന്തരീക്ഷത്തിലേക്ക് വിടുന്നത് ഈ കാടുകളാണ്. മുപ്പത്തിനായിരത്തിലധികം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ജീവ ജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ആമസോൺ. കാട്ടുതീ മനുഷ്യനിർമ്മിതമാണെന്നും, ആമസോൺ വനാന്തരങ്ങളിൽ ധാതു സമ്പത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചില വൻകിട കോർപ്പറേറ്റുകൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ലാറ്റിനമേരിക്കയിലെ നിരവധി പരിസ്ഥിതി പ്രവർത്തകർ സംശയമുയർത്തിയിട്ടുണ്ട്. ഈ വർഷം മാത്രം 74000 ത്തിലധികം തീപ്പിടുത്തങ്ങളാണ് ആമസോണിൽ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് 83 ശതമാനം കൂടുതലാണ്. പുതിയ ബ്രസീലിയൻ ഭരണാധികാരിയും കോർപ്പറേറ്റുകളുടെ കളി തോഴനുമായ ജയർ ബോൾസനാരോ ഈ പ്രകൃതി ദുരന്തത്തേ നിയന്ത്രിക്കുന്നതിൽ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് സംശയങ്ങൾ ബലപ്പെടുത്തുകയാണ്. ബോളീവിയൻ അതിർത്തിക്കുള്ളിലെ വനപ്രദേശത്ത് പടരുന്ന തീ നിയന്ത്രിക്കുവാൻ അവിടുത്തെ ഇടതുപക്ഷ ഭരണാധികാരി കൂടിയായ ഇവാ മൊറലേസ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ടാങ്കർ വിമാനത്തെ വാടകയ്ക്കെടുത്ത് നിയോഗിച്ചിരിക്കുന്നു എന്നത് ഏറെ ആശ്വസകരമാണ്. എന്നാൽ ആമസോൺ വനാന്തരങ്ങളുടെ സിംഹഭാഗവും ബ്രസീലിന്റെ അധീനതയിലാണ്.ബോൺസനാരോയുടെ ക്രിമിനൽ നിസംഗത, ലോക പരിസ്ഥിതിയെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിയ്ക്കുന്നത്.

 

 

click me!