
ദില്ലി: ടെന്നീസ് താരം രാധിക യാദവിന്‍റെ കൊലപാതകത്തിൽ പരമാവധി ശിക്ഷ തനിക്ക് നൽകണമെന്ന് പിതാവ്. മകളെ വെടിവെച്ചു കൊലപ്പെടുത്തിയതിന് തന്നെ തൂക്കി കൊല്ലണമെന്ന് ദീപക് യാദവ് തന്നോട് പറഞ്ഞുവെന്ന് സഹോദരൻ വിജയ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. രാധികയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യമോ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചോ ബന്ധുക്കള്‍ക്കോ മറ്റു കുടുംബാംഗങ്ങള്‍ക്കോ യാതൊരു അറിവുമില്ലെന്നും വിജയ് യാദവ് പറഞ്ഞു.
കൊലപാതകത്തിന്‍റെ കാരണവും അറിയില്ല. ദീപക് മകള്‍ രാധിക യാദവിനെ വളരെയധികം സ്നേഹിച്ചിരുന്നു. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് ഇതുവരെയും കുടുംബാംഗങ്ങള്‍ക്ക് അറിയില്ല. ദീപക് യാദവുമായി നേരിട്ട് സംസാരിച്ചിരുന്നു. വളരെ വൈകാരികമായാണ് ദീപക് സംസാരിച്ചത്. തന്‍റെ മകളെയാണ് ഇല്ലാതാക്കിയതെന്നും അതിനുള്ള തക്കതായ ശിക്ഷ തനിക്ക് ലഭിക്കണമെന്നുമാണ് ദീപക് പറഞ്ഞത്. മകളെ കൊലപ്പെടുത്തിയതിന് തൂക്കികൊല്ലണമെന്നും പറഞ്ഞുവെന്നും വിജയ് യാദവ് പറഞ്ഞു.
"സഹോദരാ ഞാൻ എന്‍റെ മകളെ കൊന്നു, എന്നെ കൊല്ലു, ഞാൻ 'കന്യാ വധം' ആണ് ചെയ്തത്" എന്നാണ് ദീപക് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞതെന്ന് വിജയ് യാദവ് പറഞ്ഞു. കൊലപ്പെടുത്താനുള്ള കാരണം ദീപക് പറഞ്ഞില്ലെന്നും ദീപകിന്‍റെ മനസ് പിടിവിട്ട അവസ്ഥയിലായിരുന്നുവെന്നും വിജയ് യാദവ് പറഞ്ഞു. അതേസമയം, രാധിക ടെന്നീസ് അക്കാദമി നടത്തിയിരുന്നുവെന്ന പ്രചാരണം വിജയ് യാദവ് തള്ളിക്കളഞ്ഞു.
രാധിക ടെന്നീസ് അക്കാദമി നടത്തിയിരുന്നില്ല. അതിനാൽ തന്നെ അക്കാദമി അടച്ചുപൂട്ടാൻ രാധികയുടെ മുകളിൽ സമ്മര്‍ദം ചെലുത്തേണ്ട സാഹചര്യവും ഉണ്ടായിട്ടില്ല. പലയിടത്തും കുട്ടികളെ രാധിക സ്വന്തം നിലയിൽ ടെന്നീസ് പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ, അക്കാദമി നടത്തിയിട്ടില്ല. ആദ്യമൊക്കെ അവള്‍ വീടിന് സമീപത്തെ സ്ഥലത്ത് ടെന്നീസ് കളിക്കുമായിരുന്നു. തുടര്‍ന്ന് ഇവിടത്തെ കുട്ടികള്‍ അവളുടെ അടുത്ത് പരിശീലനത്തിനായി എത്തിയിരുന്നുവെന്നും വിജയ് യാദവ് പറഞ്ഞു.
ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുഷാന്ത് ലോക് പ്രദേശത്തെ രണ്ടുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ വെച്ചാണ് രാധികയെ പിതാവ് ദീപക് യാദവ് പോയിന്‍റ് ബ്ലാങ്കിൽ വെച്ച് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ അറസ്റ്റിലായ ദീപകിനെ ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തിരുന്നു.
രാധിക ടെന്നീസ് അക്കാദമി നടത്തിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. മകളുടെ വരുമാനത്തിൽ ജീവിക്കുന്നതിൽ ദീപകിനെ പലരും കളിയാക്കിയിരുന്നുവെന്നും അക്കാദമി നിര്‍ത്താൻ ആവശ്യപ്പെട്ടെങ്കിലും രാധിക പരിശീലനവുമായി മുന്നോട്ടുപോയെന്നും ഇതാണ് പ്രകോപനത്തിന് കാരണമെന്നുമാണ് പൊലീസ് കണ്ടെത്തൽ.
വിവിധ കെട്ടിടങ്ങളിൽ നിന്നും ലഭിക്കുന്ന വാടക തുക ഉള്‍പ്പെടെ അത്യാവശ്യം നല്ല വരുമാനമുള്ള ദീപകിന് മകളുടെ വരുമാനത്തെ ആശ്രയിക്കേണ്ടിയിരുന്നില്ല. എന്നിട്ടും മകളുടെ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്ന കുറ്റപ്പെടുത്തല്‍ ദീപകിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇക്കാര്യങ്ങളെല്ലാം ദീപകിന്‍റെ സഹോദരൻ വിജയ് നിഷേധിച്ചു. ദീപക് മകളെ വളരെയധികം സ്നേഹിച്ചിരു്നനുവെന്നും മകളുടെ കരിയറിനായി കോടികള്‍ മുടക്കിയത് മാത്രമല്ല എപ്പോഴും അവള്‍ക്കുവേണ്ടിയാണ് നിലകൊണ്ടതെന്നും വിജയ് പറഞ്ഞു.
ദീപക് മകളുടെ പണത്തിലാണ് ജീവിക്കുന്നതെന്ന് പറയുന്നവര്‍ ആദ്യം ദീപക് എത്ര സമ്പാദിച്ചിരുന്നുവെന്നാണ് അന്വേഷിക്കേണ്ടതെന്നും മകള്‍ക്കുവേണ്ടി രണ്ടും മൂന്നും കോടി ദീപക് മുടക്കിയത് തന്നെ വലിയ കാര്യമാണെന്നും വിജയ് പറഞ്ഞു. എന്തായാലും സംഭവിച്ചത് വലിയ തെറ്റ് തന്നെയാണ്. മകളെ കൊലപ്പെടുത്തിയ ദീപകിന്‍റെ പ്രവര്‍ത്തിയെ ആരും അനുകൂലിക്കുന്നില്ല. ദീപക് പ്രശ്നങ്ങള്‍ തന്നോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിജയ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.