കോൺ​ഗ്രസ് കാലത്ത് ഭീകരാക്രമണം വ്യാപകമായിരുന്നു, വോട്ട്ബാങ്ക് ഓർത്ത് അവരൊന്നും ചെയ്തില്ല; വിമർശിച്ച് അമിത് ഷാ

By Web TeamFirst Published Nov 26, 2022, 7:54 PM IST
Highlights

സോണിയാ ​ഗാന്ധിയും   മൻമോഹൻ സിംഗും 2004 മുതൽ 2014 വരെ പത്ത് വർഷക്കാലം അധികാരത്തിലായിരുന്നു. അവരുടെ ഭരണകാലത്ത് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയിലേക്ക് ഇടയ്ക്കിടെ കടന്നുകയറുകയും നമ്മുടെ സൈനികരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കോൺഗ്രസ് ഒരിക്കലും മറുത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല.

ദില്ലി: കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ രാജ്യത്ത് ഭീകരാക്രമണങ്ങൾ വ്യാപകമായിരുന്നുവെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം അവയ്ക്കെതിരെ ചെറുവിരൽ പോലുമനക്കാൻ സർക്കാർ തയ്യാറായിരുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2008 നവംബർ 26-ലെ (26/11) മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് ഇത്തരമൊരു ആക്രമണം  അസാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ന് 26/11 ആക്രമണത്തിന്റെ വാർഷികമാണ്. 2008ൽ ഈ ദിവസം  പാക് ഭീകരർ മുംബൈയിൽ 164 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ആത്മാക്കൾക്ക് ഞാൻ എന്റെ എളിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കോൺഗ്രസ് ഭരണകാലത്ത് ഇത്തരം ആക്രമണങ്ങൾ വ്യാപകമായിരുന്നുവെങ്കിലും, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനാൽ ഇന്ന് 26/11 തരത്തിലുള്ള ഭീകരാക്രമണം നടത്താൻ കഴിയില്ല. അമിത് ഷാ പറഞ്ഞു. സോണിയാ ​ഗാന്ധിയും   മൻമോഹൻ സിംഗും 2004 മുതൽ 2014 വരെ പത്ത് വർഷക്കാലം അധികാരത്തിലായിരുന്നു. അവരുടെ ഭരണകാലത്ത് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയിലേക്ക് ഇടയ്ക്കിടെ കടന്നുകയറുകയും നമ്മുടെ സൈനികരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കോൺഗ്രസ് ഒരിക്കലും മറുത്തൊരു വാക്ക് പോലും പറഞ്ഞിട്ടില്ല. എന്തുകൊണ്ട്? അവരുടെ വോട്ട് ബാങ്ക് കാരണം, കോൺഗ്രസിന്റെ വോട്ട് ബാങ്ക് ആരാണെന്ന് നിങ്ങൾക്ക് അറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അമിത് ഷാ കൂട്ടിച്ചേർത്തു. ഉറി, പുൽവാമ ഭീകരാക്രമണങ്ങൾക്ക് ശേഷം ഭീകരർക്കെതിരെ സർജിക്കൽ, വ്യോമാക്രമണം നടത്തി ശക്തമായ സന്ദേശമാണ് മോദി ലോകത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 

റദ്ദാക്കിയ ആർട്ടിക്കിൾ 370 (ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ) ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചെയ്ത തെറ്റാണ്.  ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിച്ചില്ലേ? 70 വർഷമായി, ഈ കോൺഗ്രസുകാർ നെഹ്‌റുവിന്റെ ഈ തെറ്റിനെ ഒരു കുട്ടിയെപ്പോലെ സംരക്ഷിച്ചു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ൽ ഒറ്റയടിക്ക് അത് നീക്കം ചെയ്തു. കശ്മീരിനെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റി. അമിത് ഷാ പറഞ്ഞു.

Read Also: 'മോദി സർക്കാരേ, ഞങ്ങൾക്ക് ഹിന്ദി വേണ്ട'; തമിഴ്നാട്ടിൽ പ്രതിഷേധിച്ച് കർഷകൻ, തീ കൊളുത്തി ആത്മഹത്യ

click me!