പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണി: ദില്ലി പൊലീസിനും എസ്‍പിജിക്കും ജാഗ്രതാ നിര്‍ദേശം

By Web TeamFirst Published Dec 21, 2019, 2:24 PM IST
Highlights

ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പരിപാടിക്ക് നേരെയാണ് ഭീഷണി. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് തീവ്രവാദ ഭീഷണി. ദില്ലി രാം ലീല മൈതാനിയില്‍ ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് നേരെയാണ് തീവ്രവാദഭീഷണിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന എസ്പിജിക്കും ദില്ലി പൊലീസിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദ സംഘടനയായ ജെയ്ഷേ മുഹമ്മദ് പ്രധാനമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയാണ് നാളെ നടക്കാനിരിക്കുന്നത്. 

ദില്ലി നിയമസഭാ തെരഞ്ഞടുപ്പിനായുള്ള പ്രചാരണ പരിപാടികള്‍ ഇതിനോടകം ആം ആദ്മി പാര്‍ട്ടി തുടങ്ങി കഴിഞ്ഞു. നിലവിലെ നിയമസഭയുടെ കാലാവധി 2020 ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ദില്ലിയില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന ജാര്‍ഖണ്ഡ് നിയമസഭാ തെര‍ഞ്ഞെടുപ്പിന്‍റെ ഫലം ഡിസംബര്‍ 23-ന് പ്രഖ്യാപിക്കും. ഇതിനു ശേഷമാവും ദില്ലി നിയമസഭാ തെര‍ഞ്ഞെടുപ്പിനായുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിക്കുക. 

click me!