
ശ്രീനഗർ: ഇന്ത്യ തെരയുന്ന ഭീകരനെ പാക് അധീന കാശ്മീരിൽ പള്ളിയുടെ ഉള്ളിലിട്ട് അജ്ഞാതർ വെടിവെച്ച് കൊന്നു. ലഷ്‌കർ-ഇ-ത്വയ്ബ ത്രീവവാദി അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ ഒരു പള്ളിക്കുള്ളിൽ വെച്ചാണ് അജ്ഞാതരായ തോക്കുധാരികൾ ഇയാളെ വെടിവെച്ച് കൊന്നത്. നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള അബു കാസിം ജനുവരി ഒന്നിലെ ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ്.
റാവലക്കോട്ട് പ്രദേശത്തെ അൽ-ഖുദൂസ് പള്ളിയിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെയാണ് അജ്ഞാതരായ തോക്കുധാരികൾ അഹ്മദിനെ വെടിവച്ചു കൊന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മുരിഡ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബ ബേസ് ക്യാമ്പിൽ നിന്നാണ് അഹമ്മദ് കൂടുതലും പ്രവർത്തിച്ചിരുന്നത്. അടുത്തിടെയാണ് ഇയാള്‍ റാവലക്കോട്ടിലേക്ക് മാറിയതെന്നാണ് വിവരം. ലഷ്‌കറെ ത്വയ്ബയുടെ മുഖ്യ കമാൻഡറായ സജ്ജാദ് ജാതിന്റെ അടുത്ത അനുയായിയായിരുന്നു ഇയാൾ. സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന് അബു കാസിം ആണെന്നാണ് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.
രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തിൽ അബു കാസിമിന്‍റെ നേതൃത്വത്തിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അബു കാസിമിനായി ഇന്ത്യൻ സൈന്യം വ്യാപകമായി വലവിരിച്ചിരുന്നു. ഇയാള്‍ക്കായി തെരച്ചിൽ തുടരവെയാണ് കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ഈ വർഷം വെടിയേറ്റ് കൊല്ലപ്പെടുന്ന പാകിസ്ഥാനിലെ വിവിധ ഭീകര സംഘടനകളുടെ നാലാമത്തെ കമാൻഡറാണ് അബു കാസിം. കഴിഞ്ഞ മാർച്ചിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഉന്നത കമാൻഡറെ അജ്ഞാതർ വെടിവെച്ച് കൊന്നിരുന്നു. അൽ-ഖ്വയ്ദ അനുകലികളായ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിന്റെ ചീഫ് കമാൻഡർ സക്കീർ മൂസ 2019 മെയ് മാസം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ കറാച്ചിയിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ മുൻ അൽ-ബദർ മുജാഹിദ്ദീൻ കമാൻഡർ സയ്യിദ് ഖാലിദ് റാസയെയും വെടിവെച്ചു കൊലപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam