ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു

By Web TeamFirst Published Mar 1, 2019, 6:39 PM IST
Highlights

ഏറ്റുമുട്ടലിന് ശേഷമുള്ള തെരച്ചിലിനിടയിലാണ് ജവാന്‍മാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്‍വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച്  സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പത്ത് സുരക്ഷാ സേനാ ഉദ്യോഗസ്ഥർക്കും പത്ത് നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ വെടിവയ്പ് തുടരുകയാണ്. കൃഷ്ണഘാട്ടി, മേന്ദാർ, ബലാക്കോട്ട് എന്നീ സെക്ടറുകളിലാണ് പാക് സൈന്യം വെടിവയ്പ് നടത്തുന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.

ഹന്ദ്‍വാരയിൽ ഏറ്റുമുട്ടലിന് ശേഷമുള്ള തെരച്ചിലിനിടയിലാണ് സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. രാവിലെ മുതല്‍ ഹന്ദ്‍വാരയില്‍ വെടിവയ്പ്പ് തുടരുകയാണ്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‍വാഗ അതിര്‍ത്തിയില്‍ പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്ന അതേ സമയത്ത് തന്നെയാണ് അതിര്‍ത്തിയിലും ഭീകരർ പ്രകോപനം തുടരുന്നത്. വൈകീട്ടോടെ രജൗരി ജില്ലയിലെ നൗഷേരയില്‍ പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവച്ചു. ശക്തമായി ഇന്ത്യ തിരിച്ചടിച്ചു.

click me!