ദളപതിയുടെ സാമ്രാജ്യം! ഒരൊറ്റ ബാങ്ക് അക്കൗണ്ടിൽ മാത്രം വിജയ്ക്ക് 213 കോടിയുടെ നിക്ഷേപം; ആകെ 624 കോടി! തമിഴകത്തെ 'വെട്രി'യുടെ ആസ്തി വിവരങ്ങൾ

Published : May 05, 2026, 02:27 PM IST
vijay

Synopsis

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടൻ വിജയ് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 624 കോടി രൂപയാണ്. ഇതിൽ 213 കോടി രൂപയുടെ ഒറ്റ ബാങ്ക് നിക്ഷേപം, 220 കോടിയുടെ റിയൽ എസ്റ്റേറ്റ്, കോടികളുടെ വാഹന ശേഖരം എന്നിവ ഉൾപ്പെടുന്നു. അഭിനയത്തിന് പുറമെ വാടക, പലിശ എന്നിവയിലൂടെ 2024-25 വർഷത്തിൽ 184.53 കോടി രൂപ വരുമാനം നേടിയതായും രേഖകൾ. 

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ടി.വി.കെ. മാറുമ്പോള്‍, രാഷ്ട്രീയത്തിനപ്പുറം ചര്‍ച്ചയാകുന്നത് പാര്‍ട്ടി അധ്യക്ഷന്‍ വിജയിന്റെ വമ്പന്‍ സമ്പാദ്യം കൂടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച 27 പേജുള്ള സത്യവാങ്മൂലം പ്രകാരം 624 കോടി രൂപയുടെ ആസ്തിയാണ് 'ദളപതി' വിജയിനുള്ളത്. ഇതില്‍ ബാങ്ക് നിക്ഷേപങ്ങള്‍ മുതല്‍ ലക്ഷ്വറി കാറുകള്‍ വരെ ഉള്‍പ്പെടുന്നു.

ബാങ്ക് അക്കൗണ്ടില്‍ ഒരു 'നിധി' വിജയിന്റെ സമ്പാദ്യത്തില്‍ ഏറ്റവും ഞെട്ടിക്കുന്നത് ഐ.ഒ.ബി ശാലിഗ്രാമം ബ്രാഞ്ചിലെ ഒരു സേവിങ്‌സ് അക്കൗണ്ടാണ്. 213.36 കോടി രൂപയാണ് ഈ ഒരൊറ്റ അക്കൗണ്ടില്‍ മാത്രം ബാലന്‍സായുള്ളത്. സാധാരണക്കാര്‍ ചില്ലറ സമ്പാദ്യങ്ങള്‍ സൂക്ഷിക്കുന്ന അക്കൗണ്ടിലാണ് വിജയ് തന്റെ ആസ്തിയുടെ മൂന്നിലൊന്ന് സൂക്ഷിച്ചിരിക്കുന്നത് എന്നത് കൗതുകകരമാണ്. ഇതിനു പുറമെ നാല് ബാങ്കുകളിലായി 100 കോടി രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റുകളും വിജയിനുണ്ട്. 313 കോടിയിലധികം രൂപ റിസ്‌ക് ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങളായാണ് താരം സൂക്ഷിച്ചിരിക്കുന്നത്.

ആക്‌സിസ് ബാങ്ക്: 40 കോടി

ഐ.ഒ.ബി: 25 കോടി

എച്ച്.ഡി.എഫ്.സി: 20 കോടി

എസ്.ബി.ഐ: 15 കോടി

ഓഹരി വിപണിയിൽ 'നോ റിസ്ക്'!

സിനിമയിലും രാഷ്ട്രീയത്തിലും റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കിലും ഓഹരി വിപണിയില്‍ വിജയ് വലിയ കളിക്ക് മുതിര്‍ന്നിട്ടില്ല. വെറും 19.37 ലക്ഷം രൂപ മാത്രമാണ് ഷെയറുകളിലുള്ളത്. മ്യൂച്വല്‍ ഫണ്ടുകളിലോ ബോണ്ടുകളിലോ താരത്തിന് നിക്ഷേപമില്ല.

റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം

ഏകദേശം 220 കോടി രൂപയുടെ വസ്തുവകകളാണ് വിജയിന്റെ പേരിലുള്ളത്. നീലങ്കരൈ, ശാലിഗ്രാമം, എഗ്മൂര്‍ എന്നിവിടങ്ങളിലായി 115 കോടി രൂപ വിലമതിക്കുന്ന 10 വീടുകള്‍ വിജയുടെ പേരുണ്ട്. ടി. നഗര്‍, ഷോളിംഗനെല്ലൂര്‍ എന്നിവിടങ്ങളിലായി 82.8 കോടിയുടെ കെട്ടിടങ്ങള്‍ സ്വന്തമായി വിജയ്ക്കുണ്ടെന്നാണ് കണക്ക്. കൊപ്പൂരിലെ 2.30 ഏക്കര്‍ ഭൂമിക്ക് മാത്രം 35 കോടിയിലധികം വിലവരും. കൊടൈക്കനാലിൽ 1997 ല്‍ കൊടൈക്കനാലില്‍ വെറും 15,000 രൂപയ്ക്ക് വാങ്ങിയ രണ്ട് പ്ലോട്ടുകള്‍ക്ക് ഇന്ന് 10 ലക്ഷം രൂപ വീതമാണ് മൂല്യം.

കാരവന്‍ മുതല്‍ ലൂണ വരെ!

13.52 കോടി രൂപയുടെ വാഹനശേഖരമാണ് വിജയ്ക്കുള്ളത്. 6 കോടി രൂപയുടെ കാരവന്‍, 3 കോടിയുടെ ടൊയോട്ട ലെക്‌സസ്, 2 കോടിയുടെ ബി.എം.ഡബ്ല്യു ഐ7 എന്നിവ ഗാരേജിലുണ്ട്. എന്നാല്‍ ഇതിനിടയിലെ കൗതുകം 67,400 രൂപയുടെ ടി.വി.എസ് എക്‌സ്.എല്‍ ആണ്. സാധാരണക്കാരന്റെ വാഹനവും വിജയുടെ ശേഖരത്തിലുണ്ട്.

സ്വര്‍ണ്ണവും വജ്രവും

വിജയിന്റെ പക്കല്‍ 1.20 കോടി വിലവരുന്ന 883 ഗ്രാം സ്വര്‍ണ്ണമുണ്ട്. ഭാര്യ സംഗീതയുടെ പേരില്‍ 4.07 കോടിയുടെ സ്വര്‍ണ്ണവും (3,132 ഗ്രാം), ഒരു കോടി രൂപയുടെ വജ്രങ്ങളും ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

കടം കൊടുത്തത് 75 കോടി

വിവിധ വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കുമായി വിജയ് 75.5 കോടി രൂപ കടം നല്‍കിയിട്ടുണ്ട്. ഭാര്യ സംഗീതയ്ക്ക് 12.60 കോടിയും മക്കളായ ജേസണ്‍ സഞ്ജയിന് 8.78 ലക്ഷവും ദിവ്യ സാഷയ്ക്ക് 4.60 ലക്ഷവും നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 184.53 കോടി രൂപയാണ് വിജയുടെ വരുമാനം. അഭിനയത്തിന് പുറമെ വാടക ഇനത്തിലും ബാങ്ക് പലിശ വഴിയുമാണ് ഈ വരുമാനം ലഭിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലേഡീസ് ഹോസ്റ്റലിലേക്ക് പാഞ്ഞുകയറി; ​ഗേറ്റും തകർത്ത് സ്കൂട്ടറുകളും ഇടിച്ചിട്ടു
പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചിലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം