
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്ന സ്വന്തം പാർട്ടിയിലെയും മറ്റ് പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മമത ബാനർജിയുടെ തോൽവിയിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തിലെ വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
"കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും ചിലർ ടിഎംസിയുടെ പരാജയത്തിൽ സന്തോഷിക്കുന്നത് കാണുന്നുണ്ട്. അവർ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം - അസമിലെയും ബംഗാളിലെയും ജനവിധി ബിജെപി തട്ടിയെടുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമാണ്. തരംതാണ രാഷ്ട്രീയം മാറ്റിവെക്കുക. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, ഇത് ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്," എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
മമത ബാനർജിയുടെ ആരോപണങ്ങളെ ശരിവെച്ച രാഹുൽ ഗാന്ധി, ബംഗാളിൽ വോട്ടെണ്ണലിലെ തിരിമറികളിലൂടെയാണ് നൂറിലധികം സീറ്റുകൾ ബിജെപി തട്ടിയെടുത്തതെന്ന് വിമർശിച്ചു. ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എംപി പ്രയങ്ക ചതുർവേദിയും സമാനമായ നിലപാടുമായി രംഗത്തെത്തി. സ്വന്തം സഖ്യകക്ഷികളായ ടിഎംസിയുടെയും ഡിഎംകെയുടെയും പരാജയത്തിൽ 'ഇന്ത്യ' സഖ്യത്തിനുള്ളിൽ ഇരുന്ന് സന്തോഷിക്കുന്നത് ലജ്ജാകരമാണെന്ന് അവർ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളും തേജസ്വി യാദവും പരാജയപ്പെട്ടപ്പോഴും സമാനമായ മനോഭാവം ചിലർ കാണിച്ചിരുന്നത് അവർ ചൂണ്ടിക്കാട്ടി.
എന്നാൽ പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. മമത ബാനർജി ബിജെപിക്കായി ചുവപ്പ് പരവതാനി വിരിച്ചുകൊടുത്തുവെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിൽ ഒരു കാവി തരംഗം ഉണ്ടായിട്ടുണ്ടെന്നും ടിഎംസി ഇത്തരത്തിൽ തകരുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam