
ബെംഗളൂരു: ഫീസ് കുടിശ്ശിക ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ അമ്മയ്ക്ക് നേരെ കോളേജ് ചെയർമാന്‍റെ അതിക്രമം. നഴ്സിങ് വിദ്യാർഥിനിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്തു. തുടർന്ന് നഴ്സിംഗ് വിദ്യാർഥിനിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. കർണാടകയിലെ കോപ്പൽ ജില്ലയിലാണ് സംഭവം.
കൊപ്പൽ ജില്ലയിലെ ഗംഗാവതിയിലാണ് കർണാടകയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവം നടന്നത്. ഗംഗാവതിയിലെ ബിബിസി നഴ്സിങ് കോളേജിൽ ഒന്നാംവർഷ ബിഎസ്‍സി നഴ്സിങിന് പ്രവേശനം നേടിയ കാവേരി എന്ന വിദ്യാർത്ഥിനിയുടെ അമ്മയുടെ താലിമാലയാണ് കോളേജ് ചെയർമാൻ പൊട്ടിച്ചെടുത്തത്. 10,000 രൂപ നൽകി കോളേജിൽ പ്രവേശനം നേടിയപ്പോൾ മിച്ചമുള്ള 90,000 രൂപ പിന്നീട് നൽകാമെന്ന് വിദ്യാർത്ഥിനിയും മാതാപിതാക്കളും സമ്മതിച്ചിരുന്നു.
ഇതിനിടെ കാവേരിക്ക് സർക്കാർ നഴ്സിങ് കോളജിൽ പ്രവേശനം ലഭിച്ചു. അഡ്മിഷനായി ടിസി ആവശ്യപ്പെട്ടപ്പോൾ 90,000 രൂപ അടയ്ക്കണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു കോളേജ് അധികൃതർ. കൈവശം പണമില്ലെന്നും ടിസി നൽകണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് കോളേജ് ഉടമ കൂടിയായ ചെയർമാൻ, ഡോക്ടർ സി ബി ചിന്നിവാല കാവേരിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്തത്. പണം നൽകിയാലേ താലിമാല തിരിച്ചു നൽകൂ എന്ന് ഡോക്ടർ സി ബി ചിന്നിവാല വ്യക്തമാക്കിയതായി കാവേരിയും മാതാപിതാക്കളും ആരോപിച്ചു.
ബിബിസി നഴ്സിംഗ് കോളേജ് ചെയർമാന്റെ ഈ നടപടിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഡോക്ടർ സി.ബി ചിന്നിവാലക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. ടിസി നൽകുന്നില്ലെന്നും താലിമാല പൊട്ടിച്ചെടുത്തു എന്നും കാണിച്ച് കാവേരിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam