
ദില്ലി:ശശി തരൂരിനെതിരായ ആക്രമണം മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടരുമ്പോഴും അദ്ദേഹം മൗനം പാലിക്കുകയാണ്.തനിക്കെതിരായ കോൺഗ്രസ് നേതാവ് ഉദിത് രാജിന്‍റെ പ്രസ്താവനയിൽ തരൂരിന് അമർഷമുണ്ട്.പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന്‍റെ റെ അറിവോടെയെന്ന് തരൂരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.തരൂരിനോട് വിശദീകരണം ചോദിക്കണമെന്നാണ് പാർട്ടിയിൽ ചില നേതാക്കളുടെ ആവശ്യം.തല്ക്കാലം ഇതിന് ആലോചനയില്ലെന്ന് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന തരൂരിന്‍റെ പ്രസ്താവനക്കെതിരെയാണ് നേതാക്കൾ ഒന്നടങ്കം തിരിഞ്ഞിരിക്കുന്നത്.
സർവകക്ഷി പ്രതിനിധി സംഘത്തിന്‍റെ പാനമയിലെ പര്യടനത്തിനിടെയുള്ള തരൂരിന്‍റെ പ്രസ്താവനയെചൊല്ലിയാണ് വിവാദം. ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് തരൂരിനെ വിദേശ കാര്യ മന്ത്രിയോ, സൂപ്പർ വക്താവോ ആയി മോദി നിയമിക്കുമെന്നാണ് ഉദിത് രാജ് എക്സിൽ പരിഹസിച്ചത്. മോദി ഭരണത്തിന് മുൻപ് സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോൺഗ്രസിന്റെ സുവർണ ചരിത്രത്തെ തരൂർ അപമാനിച്ചു. 1965 ൽ നിരവധി തവണ പാക്കിസ്ഥാനിലേക്ക് കടന്നുകയറി, 1971 ൽ ഇന്ത്യ പാക്കിസ്ഥാനെ രണ്ടാക്കി, യുപിഎ കാലത്തും നിരവധി തവണ സർജിക്കൽ സ്ട്രൈക്ക് നടത്തി, എന്നാൽ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടില്ല.
ഇത്രയൊക്കെ നേട്ടങ്ങൾ തന്ന പാർട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാർത്ഥതയില്ലാത്തതെന്നും ഉദിത് രാജ് ചോദിച്ചു. ഉദിത് രാജിന്റെ എക്സിലെ പോസ്റ്റ് ജയറാം രമേശും, പവൻ ഖേരയും റീട്വീറ്റ് ചെയ്തു. തരൂരിനെ ടാഗ് ചെയ്ത് 1965 ൽ പാക്കിസ്ഥാനിലെ പോലീസ് സ്റ്റേഷന് മുന്നിൽ ഇന്ത്യൻ സൈനികർ നിൽക്കുന്ന ചിത്രങ്ങളും പവൻ ഖേര പങ്കുവച്ചു. പാർട്ടിയോട് ചോദിക്കാതെ കേന്ദ്രം സർവകക്ഷി പ്രതിനിധി സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയതുമുതൽ മൂത്ത തമ്മിൽ തല്ല് ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്ന് ചുരുക്കം.
അതനിടെ ശശി തരൂരിനെ പിന്തുണച്ച‌് കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി.രാജ്യത്തിനു പുറത്തു പോയി എംപിമാർ രാജ്യത്തിനെതിരെ സംസാരിക്കണോ എന്ന് അദ്ദേഹം ചോദിച്ചു