
ദില്ലി: രാജ്യത്ത് കൊവിഡ് തരംഗം ആഞ്ഞടിച്ച 2020 മാർച്ച്, ഏപ്രിൽ മാസങ്ങൾ മുതൽ തന്നെ ഭാവിയിലേക്ക് ആവശ്യമായ കരുതലുകൾ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട്. 12 അംഗ നാഷണൽ ടാസ്ക് ഫോഴ്സിന്റേതാണ് റിപ്പോർട്ട്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ഉണ്ടായപ്പോഴേക്കും ഈ നടപടികൾ ഫലപ്രദമായി നടപ്പാക്കാനായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒന്നാം തരംഗത്തിൽ തന്നെ കേന്ദ്ര സർക്കാർ ദ്രവ ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിരുന്നു. സിലിണ്ടറുകൾ വഴി ആശുപത്രികളിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ(എൽഎംഒ) ലഭ്യതയും ഉറപ്പുവരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാവസായികാടിസ്ഥാനത്തിൽ വാതക നിർമ്മാണം നടത്തുന്ന സ്വകാര്യ മേഖലയ്ക്ക് മെഡിക്കൽ ഓക്സിജൻ നിർമ്മാണത്തിന് ലൈസൻസ് നൽകി. യുപിയിലെ മോഡിനഗറിലും മഹാരാഷ്ട്രയിലെ പൂനെയിലും എൽഎംഒ യൂണിറ്റുകൾ ആരംഭിച്ചതും കേന്ദ്രത്തിന്റെ നേട്ടമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ ദില്ലി സർക്കാർ അനാവശ്യ ഓക്സിജൻ പ്രതിസന്ധി ഉണ്ടാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 300 മെട്രിക് ടൺ ഓക്സിജൻ വേണ്ട സ്ഥലത്ത് 1200 മെട്രിക് ടൺ ഓക്സിജൻ ദില്ലി സർക്കാർ ആവശ്യപ്പെട്ടു. ഇത് ഓക്സിജൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.
കെജ്രിവാൾ സർക്കാർ ഓക്സിജൻ ആവശ്യം പെരുപ്പിച്ചുകാട്ടിയെന്ന കണ്ടെത്തൽ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കർണാടകത്തിലെ ആരോഗ്യമന്ത്രി രംഗത്തെത്തി. രോഗവ്യാപനം രൂക്ഷമായിരുന്ന സംസ്ഥാനങ്ങളുടെ അവകാശം കവർന്ന കെജ്രിവാളിന്റെ നടപടി ശിക്ഷ അർഹിക്കുന്ന കുറ്റമല്ലേയെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിനെ ടാഗ് ചെയ്താണ് മന്ത്രിയുടെ ട്വീറ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam