
ദില്ലി: വിവാഹമോചനം നേടിയ പിതാവുമായി ഉണ്ടാക്കിയ ഉടമ്പടി മകന് 18 വയസ്സ് ആകുന്നതോടെ അവസാനിക്കുന്നില്ലെന്ന് കോടതി. മകന് പതിനെട്ട് വയസ്സായതോടെ മക്കളുടെ ചിലവിലേക്കായി തുക നൽകുന്നത് അവസാനിപ്പിക്കാൻ 2018 ൽ അനുമതി നൽകിയ കോടതി വിധി റദ്ദ് ചെയ്തുകൊണ്ട് ദില്ലി ഹൈക്കോടതിയുടേതാണ് വിധി. മകൻ ജോലി ചെയ്ത് സമ്പാദിക്കാൻ ആരംഭിക്കുന്നതുവരെ മകന്റെ ചിലവിലേക്കായി മുൻഭാര്യയ്ക്ക് 15000 രൂപ നൽകുന്നത് തുടരണമെന്ന് പിതാവിനോട് കോടതി ഉത്തരവിട്ടു.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടികളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ മുഴുവൻ ബാധ്യതയും അമ്മയിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും വിവാഹമോചനം നേടിയാലും പിതാവ് പണം നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
2018 ലെ വിധി എതിർത്തുകൊണ്ട് സ്ത്രീ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 18 വയസ്സായതോടെ മകന്റെ ഉത്തരവാദിത്വം ഇനി പിതാവ് ഏൽക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കോടതി വിധിച്ചിരുന്നത്. എന്നാൽ ഈ വിധി റദ്ദ് ചെയ്താണ പിതാവ് ചെലവ് വഹിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.
1997ലാണ് ഈ ദമ്പതികൾ വിവാഹിതരായത്. 2011 നവംബറിൽ ഇരുവരും പിരിഞ്ഞു. മകന് 20 ഉം മകൾക്ക് 18ഉം വയസ്സായിരിക്കെയാണ് വീണ്ടും ഹർജി നൽകിയത്. മകൻ ജോലി നേടി സമ്പാദിക്കുന്നതുവരെയും മകൾ ജോലി നേടുകയോ വിവാഹതിയാകുകയോ, (ഏതാണ് ആ ദ്യം സംബവിക്കുന്നത് ) അത് വരെയും ചെലവ് പിതാവ് തന്നെ വഹിക്കണമെന്ന് കോടതി വിധിയിൽ പറയുന്നു.
അതേസമയം മറ്റൊരു വിവാഹം കഴിക്കുകയും കുഞ്ഞുമായി ജീവിക്കുകയും ചെയ്യുന്നതിനാൽ ചിലവുകളുണ്ടെന്നും അതിനാൽ തുക കുറയ്ക്കാമെന്നുമുള്ള കുടുംബ കോടതിയുടെ നിരീക്ഷത്തിൽ തെറ്റില്ലെന്നും കോടതി വിധിയിൽ പറയുന്നു. ദില്ലി മുൻസിപ്പൽ കോർപ്പറേഷനിൽ അപ്പർ ഡിവിഷൻ ക്ലെർക്കായി ജോലി ചെയ്യുന്ന അമ്മയുടെ വരുമാനം മാസം 60000 രൂപയാണെന്നും അതേസമയം പിതാവിന്റേത് നവംബർ 2020 പ്രകാരം 1.67 ലക്ഷമാണെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam