ചെന്നൈ എസ്ബിഐ സിഡിഎം കൗണ്ടറുകളില്‍ വീണ്ടും കവർച്ച; 8 ലക്ഷം കൂടി കവർന്നു; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

By Web TeamFirst Published Jun 23, 2021, 12:32 PM IST
Highlights

സിഡിഎം മെഷീനുകളിലെ സെൻസർ പ്രവർത്തനം തടസപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. 

ചെന്നൈ: ചെന്നൈയില്‍ എസ്ബിഐ ഡെപോസ്റ്റിസ് മെഷീനുകളില്‍ നിന്ന് കവര്‍ച്ചാ പരമ്പര. മൂന്ന് ദിവസത്തിനിടെ 62 ലക്ഷം രൂപ കവര്‍ന്നു. മെഷീനിലെ സെന്‍സറില്‍ കൃത്രിമം കാണിച്ചാണ് കവര്‍ച്ച നടത്തിയത്. സിഡിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം തല്‍ക്കാലത്തേക്ക് എസ്ബിഐ റദ്ദാക്കി. ഉത്തരേന്ത്യന്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്ലെന്നാണ് പൊലീസ് നിഗമനം.

ഒരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് 21 സിഡിഎം കൗണ്ടറുകളില്‍ നിന്ന് പണം കവര്‍ന്ന്.  നിക്ഷേപിക്കുന്നതിനും  പിന്‍വലിക്കുന്നതിനും സൗകര്യമുള്ള സിഡിഎമ്മുകളുടെ പ്രവർത്തനം പ്രത്യേക തരത്തില്‍ തടസ്സപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മെഷീനിൽ നിന്നു പണം വരുന്ന സ്ഥലത്തെ സെൻസറിൽ കൃത്രിമം നടത്തിയാണ്  പണം തട്ടിയത്. പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ അമര്‍ത്തിയ ശേഷം, മെഷീനിലെ ഡിസ്പെന്‍സറിലേക്ക് പണം എത്തുന്നതിനിടെ പ സെന്‍സറിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തി, ഡിസ്പെന്‍സറില്‍ നിന്ന് പണം എടുത്ത ശേഷം സെന്‍സറിന്‍റെ തടസ്സം നീക്കും, ഇതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്കിനെ തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്.ഇങ്ങനെ പണം പുറത്തേക്ക് വരുന്ന ഇരുപത് സെക്കന്‍റ് സമയം സെന്‍സറിനെ നിശ്ചലമാക്കി പല സമയങ്ങളിലായി ലക്ഷങ്ങള്‍ കവര്‍ന്നു. 

വടപളനിയിലെ സിഡിഎം കൗണ്ടറില്‍ എത്തിയ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഉത്തരേന്ത്യന്‍ സംഘമാകാം പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു. ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്കിന്‍റെ പണമാണ് കവര്‍ന്നതെന്നും എസ്ബിഐ വിശദീകരിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ സിഡിഎം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം മരവിപ്പിച്ചു. ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈടെക്ക് കള്ളന്‍മാര്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.


 

click me!