Assembly Elections : ഒമിക്രോണ്‍ വ്യാപനം; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തീരുമാനം പിന്നീട്

Published : Dec 27, 2021, 03:18 PM ISTUpdated : Dec 27, 2021, 03:24 PM IST
Assembly Elections : ഒമിക്രോണ്‍ വ്യാപനം; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തീരുമാനം പിന്നീട്

Synopsis

അഞ്ച് സംസ്ഥാനങ്ങളില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാളുകള്‍ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ ധരിപ്പിച്ചു. അതേസമയം ഒമിക്രോണ്‍ വ്യാപന നിരക്ക് കൂടുന്നതും ആരോഗ്യ സെക്രട്ടറി കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

ദില്ലി: ഒമിക്രോണ്‍ (Omicron) വ്യാപന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് (Assembly Election) നടത്തണോയെന്നതില്‍ തീരുമാനം പിന്നീട്. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറി കൈമാറി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല സാഹചര്യമാണോയെന്നാണ് കമ്മീഷന്‍ ആരോഗ്യ സെക്രട്ടറിയോടാരാഞ്ഞത്. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം, വാക്സിനേഷന്‍ നിരക്കുകള്‍ യോഗത്തില്‍ അവലോകനം ചെയ്തു. 

അഞ്ച് സംസ്ഥാനങ്ങളില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാളുകള്‍ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ ധരിപ്പിച്ചു. അതേസമയം ഒമിക്രോണ്‍ വ്യാപന നിരക്ക് കൂടുന്നതും ആരോഗ്യ സെക്രട്ടറി കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. ആരോഗ്യ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തും. ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. പഞ്ചാബ്, ഗോവ ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിയമസഭയുടെ കാലാവധി മാര്‍ച്ചിലും ഉത്തര്‍പ്രദേശില്‍ മെയിലുമാണ് അവസാനിക്കുക. 

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലും ബിജെപിയുടേതടക്കം തെരഞ്ഞെടുപ്പ് റാലികള്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്നതിനെ ചോദ്യം ചെയ്ത് വരുണ്‍ ഗാന്ധി രംഗത്തെത്തി. രാത്രി കര്‍ഫ്യൂ, പകല്‍ റാലി. എന്ത് കൊവിഡ് നിയന്ത്രണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ ദുര്‍ബലമായ സംസ്ഥാനത്ത് ഒമിക്രോണിനെ നിയന്ത്രിക്കുകയാണോ, പ്രചാരണശേഷി തെളിയിക്കുകയാണോ വേണ്ടതെന്നും ജനങ്ങളുടെ സാമാന്യ ബുദ്ധി പരീക്ഷിക്കരുതെന്നും വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അടുത്ത കാലത്തായി ബിജെപിയുടെ വലിയ വിമര്‍ശകനായി മാറിയ വരുണ്‍ ഗാന്ധി കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ചോദ്യം ചെയ്തിരുന്നു.

PREV
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല