
ദില്ലി: നീതി ആയോഗിന്റെ (NITI Aayog) ദേശീയ ആരോഗ്യ സൂചികയില്‍ കേരളം (Kerala) ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാടും തെലങ്കാനയും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നിതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്.
സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഡോ. വിനോദ് കുമാർ പോൾ അഭിനന്ദിച്ചിരുന്നു.
Also Read: സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിൽ; കേരളത്തെ അഭിനന്ദിച്ച് നീതി ആയോഗ്