
ദില്ലി: യുപി (Uttar Pradesh) ഉൾപ്പടെ അഞ്ച് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് മാറ്റില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission). യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ഫെബ്രുവരിയിൽ നടക്കും. മൂന്ന് ദിവസത്തെ യുപി സന്ദർശനം പൂർത്തിയാക്കിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര ഇക്കാര്യം അറിയിച്ചത്. യുപിയിലെ വോട്ടർപട്ടിക ജനുവരി 5 ന് പുറത്തിറക്കും.
സാമൂഹിക അകലം ഉറപ്പാക്കാൻ വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും. എല്ലാ രാഷ്ട്രീയ പാർട്ടികളും മാർഗനിര്‍ദ്ദേശം പാലിച്ച് വോട്ടെടുപ്പ് നടത്തണം. കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ ആലോചന നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. ചില പാർട്ടികൾ റാലികൾ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചു. പ്രചാരണ റാലികൾ നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലെന്നും സുശീൽ ചന്ദ്ര അറിയിച്ചു.
വിർച്ച്വൽ റാലികളിലേക്ക് മാറാൻ കമ്മീഷൻ ഉപദേശിക്കാനാണ് സാധ്യത. എന്നാൽ നിശ്ചയിച്ചത് പോലെ ബിജെപി റാലികളുമായി മുന്നോട്ട് പോകുകയാണ്. ഇന്ന് മൂന്ന് റാലികളിൽ അമിത് ഷാ പങ്കെടുത്തു. പ്രധാനമന്ത്രി 23 പദ്ധതികളുടെ ഉദ്ഘാടനത്തിന് ഉത്തരാഖണ്ഡ് എത്തി. അരവിന്ദ് കെജ്രിവാൾ ചണ്ഡീഗഡില്‍ വിജയറാലി നടത്തി. മുന്‍സിപ്പൽ തെരഞ്ഞെടുപ്പിൽ എഎപി വലിയ വിജയം നേടിയ പശ്ചാത്തലത്തിലായിരുന്നു കെജ്രിവാളിന്‍റെ യാത്ര.
updating...