ജമ്മു കശ്മീരിൽ നിന്ന് കാണാതായ വ്യോമസേനാ പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് വാർത്താ ഏജൻസി

By Web TeamFirst Published Feb 27, 2019, 3:02 PM IST
Highlights

മിഗ് 21 വിമാനത്തിന്‍റെ ഒരു പൈലറ്റാണ് തിരിച്ചെത്തിയിട്ടില്ലെന്ന് വ്യക്തമായിരിക്കുന്നത്. 

ശ്രീനഗർ: വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യൻ വാർത്താ ഏജൻസിയായ എഎൻഐ. ഇന്ത്യൻ സൈന്യത്തിന്‍റെ പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. ഒരു മിഗ് 21 വിമാനം നഷ്ടമായെന്നും പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുന്നതായി വാർത്താ ഏജൻസി വാർത്ത പുറത്തുവിട്ടു.

ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മൂന്നേകാലിനാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഇക്കാര്യം കൃത്യമായി ഇന്ത്യ സ്ഥിരീകരിച്ച ശേഷമേ വ്യക്തമാകൂ. ഇതുവരെ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണത്തിനും ഇന്ത്യ തയ്യാറായിട്ടില്ല.

അതിർത്തി കടന്നെത്തിയ ഇന്ത്യൻ പൈലറ്റ് സംസാരിക്കുന്നു എന്ന പേരിൽ ഒരു മൊബൈൽ വീഡിയോയാണ് അൽപസമയം മുമ്പ് പാകിസ്ഥാൻ പുറത്തു വിട്ടത്. റേഡിയോ പാകിസ്ഥാൻ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാൻ ഒരു സൈനികന്‍റെ വീഡിയോ പുറത്തു വിടുന്നത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയിൽ സംസാരിക്കുന്നത്. 

പേര് പാകിസ്ഥാൻ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ സ്ഥിരീകരിക്കാത്തതിനാൽ ഈ പേര് പുറത്തുവിടുന്നില്ല.

പാക് സേനാ വക്താവ് ജനറൽ ആസിഫ് ഗഫൂർ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും മൂന്ന് പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നും അവകാശവാദം ഉന്നയിച്ചിരുന്നു . ഇന്ത്യയുടെ എല്ലാ പൈലറ്റുകളും സുരക്ഷിതരാണെന്നും ആരെയും പാകിസ്ഥാൻ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് വ്യോമസേനാ വൃത്തങ്ങൾ ഇതുവരെ പറയുന്നത്. 

click me!